പ്രവാസികൾക്ക് ആശ്വാസം; ബഹ്റൈൻ-കൊച്ചി സർവീസുമായി ഇൻഡിഗോ എയർലൈൻസ്

news image
Apr 21, 2025, 4:03 pm GMT+0000 payyolionline.in

മനാമ: മലയാളി പ്രവാസികൾക്ക് ഇടക്കാല ആശ്വാസവുമായി കൊച്ചിയിലേക്ക് സർവീസുമായി ഇൻഡിഗോ എയർലൈൻസ്. കേരളത്തിലേക്കുള്ള മറ്റ് വിമാന കമ്പനികളുടെ സർവീസുകൾ വെട്ടിക്കുറച്ച സാഹചര്യത്തിൽ ഏറെ ആശ്വാസകരമാണ് ഇൻഡിഗോയുടെ ഈ സർവീസുകൾ.

ജൂൺ 15 മുതൽ ആരംഭിക്കുന്ന സർവീസ് സെപ്തംബർ 20 വരെ ദിവസവും രാത്രി 10.20ന് ബഹ്റൈൻ -കൊച്ചി റൂട്ടിലും വൈകിട്ട് 7.30ന് കൊച്ചി – ബഹ്റൈൻ റൂട്ടിലും ഒരോ സർവീസ് വീതമുണ്ടാകും. ജൂലൈ-ആഗസ്റ്റ് മാസത്തിലെ സ്കൂൾ അവധി കാലയളവിലെയും ബലി പെരുന്നാൾ സീസണിലെയും യാത്രക്ക് ഈ സർവീസ് ഏറെ ഉപകാര പ്രദമാകുനെന്നാണ് വിലയിരുത്തുന്നത്. പെട്ടന്ന് നാട്ടിലെത്തേണ്ട സാഹചര്യമുണ്ടായാൽ കണക്ഷൻ സർവീസിനെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു പല ദിവസങ്ങളിലും. നിലവിൽ ഇൻഡിഗോ സർവീസ് അതിനും ഒരാശ്വാസം നൽകിയിരിക്കയാണ്.

നേരത്തെ, കോഴിക്കേട്ടേക്കുള്ള ഗൾഫ് എയർ സർവീസ് പൂർണമായും നിർത്തലാക്കിയിരുന്നു. കൊച്ചിയിലേക്ക് നാലു ദിവസം ഉണ്ടായിരുന്ന സർവിസ് ഏപ്രിൽ ആറ് മുതൽ പ്രതിവാരം നാല് ദിവസമാക്കിയും കുറച്ചു. ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് ഗൾഫ് എയർ കൊച്ചി‍യിലേക്ക് സർവീസുള്ളത്. ഏപ്രിൽ ഒന്ന് മുതൽ 2026 മാർച്ച് വരെ കൊച്ചിയിലേക്കും തിരിച്ച് ബഹ്റൈനിലേക്കുമുള്ള ചൊവ്വ, ബുധൻ ദിവസങ്ങളിലെ സർവീസുകൾ എയർ ഇന്ത്യയും വെട്ടിക്കുറച്ചിരുന്നു.

എയർ ഇന്ത്യ എക്സ്പ്രസിന്‍റെ സമ്മർ സർവീസുകൾ നിലവിൽ കോഴിക്കോടിനെ ബാധിക്കില്ലെങ്കിലും ഗൾഫ് എയർ നിർത്തിയത് മലബാറിന് വലിയ തിരിച്ചടിയാണ്. ഏറ്റവും കൂടുതൽ പേർ വന്നിറങ്ങുന്ന കരിപ്പൂർ എയർപോട്ടിലെ ദുരവസ്ഥ പ്രവാസികളെ ഏറെ വലക്കുന്നുണ്ട്. എയർ ഇന്ത്യയെ മാത്രം ആശ്രയിക്കുന്ന മല‍ബാറിലെ പ്രവാസികൾ ഇനി ആവശ്യമെങ്കിൽ കൊച്ചിയിലേക്ക് ടിക്കെറ്റെടുക്കേണ്ടി വരും. തിരുവനന്തരപുരത്തേക്ക് ആഴ്ചയിൽ രണ്ട് സർവീസുകളാണ് എ‍യർ ഇന്ത്യക്കുള്ളത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe