ഒന്നര മണിക്കൂറിൽ എത്താവുന്ന കോഴിക്കോട്– പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേ; സർവീസ് റോഡ് ഇല്ല, അടിപ്പാത മാത്രം

news image
Apr 21, 2025, 2:21 pm GMT+0000 payyolionline.in

കോഴിക്കോട്: പന്തീരാങ്കാവ് മുതൽ പാലക്കാട് വരെ നീളുന്ന നിർദിഷ്ട ഗ്രീൻഫീൽഡ് ഹൈവേക്കായി 134.1 ഹെക്ടർ ഭൂമി വിട്ടുകൊടുക്കാൻ ദേശീയ വൈൽഡ് ലൈഫ് ബോർഡിന്റെ അനുമതി. ഇതോടെ പദ്ധതി ടെൻഡർ ചെയ്ത് നിർമാണം തുടങ്ങാവുന്ന ഘട്ടത്തിലെത്തി. 7937 കോടി രൂപ ചെലവിൽ അതിവേഗ ഇടനാഴിയായി വികസിപ്പിക്കുന്ന 121 കിലോമീറ്റർ പാത പൂർത്തിയാവുന്നതോടെ ഒന്നര മണിക്കൂറിൽ പാലക്കാട്ടു നിന്ന് കോഴിക്കോട്ട് എത്താൻ കഴിയും. മലപ്പുറം ജില്ലക്കാർക്കും കരിപ്പൂരിൽ നിന്നുള്ള വിമാനയാത്രക്കാർക്കും ഏറെ പ്രയോജനകരമാവുന്നതാണ് പദ്ധതി.

നിർമാണത്തിനു വേണ്ട 98% ഭൂമിയും ഏറ്റെടുത്തെങ്കിലും സൈലന്റ് വാലി ദേശീയോദ്യാനത്തോടു ചേർന്ന് 9.526 ഹെക്ടർ ഭൂമിയും 124.574 ഹെക്ടർ വനേതര ഭൂമിയും വിട്ടുകിട്ടാനുള്ള കടമ്പകളായിരുന്നു പ്രധാനം. ആനകൾ ഉൾപ്പെടെയുള്ള മൃഗങ്ങളുടെ സഞ്ചാരപാതയോടു ചേർന്ന് ദേശീയ പാത നിർമിക്കുമ്പോൾ സംഭവിക്കാവുന്ന പരിസ്ഥിതി പ്രശ്നങ്ങൾ മറികടക്കാൻ സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ കർമപദ്ധതി തയാറാക്കി സമർപ്പിച്ചു.

സംരക്ഷിത വനപ്രദേശത്തിനു പുറത്താണ് ദേശീയ പാതയ്ക്കു വേണ്ടി ഏറ്റെടുക്കേണ്ട ഭൂമിയെങ്കിലും പാതയുടെ പടിഞ്ഞാറു വശത്തേക്ക് മൃഗങ്ങളുടെ സഞ്ചാരം തടയാനുള്ള പദ്ധതികൾ ആവിഷ്കരിക്കണമെന്നാണ് പ്രധാന നിർദേശം. ഇതിനായി 88.88 കോടി രൂപ ദേശീയ പാത അതോറിറ്റി ‘കാംപ’ (കോംപെൻസേറ്ററി അഫോറസ്റ്റേഷൻ ഫണ്ട് മാനേജ്മെന്റ് ആൻഡ് പ്ലാനിങ് അതോറിറ്റി) ഫണ്ടിലേക്ക് കെട്ടി വയ്ക്കണമെന്ന നിർദേശത്തോടെയാണ് വൈൽഡ് ലൈഫ് ബോർഡ് പദ്ധതിക്ക് അനുമതി നൽകിയത്.

സർവീസ് റോഡ് ഇല്ല, അടിപ്പാത ഉണ്ടാകും
വാഹനങ്ങൾക്കു തടസ്സമില്ലാതെ സഞ്ചരിക്കാൻ കഴിയുന്ന രീതിയിലാകും അതിവേഗ ഹൈവേയുടെ ഘടന. നിശ്ചിത ദൂരത്തിൽ അടിപ്പാതകൾ നിർമിക്കും. സർവീസ് റേ‍ാഡ് ഉണ്ടാകില്ലെങ്കിലും ജനവാസമേഖലകളിലെ റേ‍ാഡുകൾ പരമാവധി ബന്ധിപ്പിക്കാനാണു മന്ത്രാലയത്തിന്റെ നിർദേശം. പാതയിൽ പ്രവേശിക്കുന്നിടത്ത് 60 മീറ്റർ വീതിയുണ്ടാകും. ദേശീയപാത 544ൽ പാലക്കാട് മരുതറോഡിൽ നിന്ന് ആരംഭിച്ച് ദേശീയപാത 66ൽകോഴിക്കോട് പന്തീരാങ്കാവ് വരെയാണ് നിർദിഷ്ട അതിവേഗ ഇടനാഴി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe