അഞ്ചുവർഷം കാത്തിരുന്ന് കിട്ടിയ കുട്ടി, ഒടുവിൽ ആനത്താവളത്തിൽ പൊലിഞ്ഞു; സന്തോഷ യാത്ര ദുരന്തമായി മാറി

news image
Apr 21, 2025, 1:46 pm GMT+0000 payyolionline.in

കോന്നി: കോന്നി ആനത്താവളം ഇക്കോ ടൂറിസം കേന്ദ്രത്തിൽ ദമ്പതിമാർക്ക് നഷ്ടപ്പെട്ടത് കാത്തിരുന്നുണ്ടായ മകനെ. ഉദ്യോഗസ്ഥ അനാസ്ഥയെത്തുടർന്നാണ് സംഭവം. വെള്ളിയാഴ്ച 12.30-നാണ് കടമ്പനാട് വടക്ക് തോയ്പാട് അഭിരാം ഭവനിൽ അജിയുടേയും ശാരിയുടേയും ഏകമകൻ അഭിരാം (4) ആനത്താവളത്തിൽവെച്ച് വേലിക്കല്ല് തലയിൽവീണ് മരിച്ചത്.

വിവാഹം കഴിഞ്ഞ് അഞ്ചുവർഷത്തിനുശേഷം ദമ്പതിമാർക്കുണ്ടായ മകനാണ് അഭിരാം. ജീവനക്കാരുടെ വീഴ്ച വ്യക്തമായതിനെത്തുടർന്ന് വനംവകുപ്പ് അഞ്ച്പേരെ സസ്പെൻഡ് ചെയ്തു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആർ. അനിൽകുമാറിനെ ദക്ഷിണമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ. ആർ. കമലാഹറും, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സലിം, സതീഷ്, സജിനി, സുമയ്യ ഷാജി എന്നിവരെ കോന്നി ഡിഎഫ്ഒയുടെ ചുമതലയുള്ള റാന്നി ഡിഎഫ്ഒയും ആണ് സസ്‌പെൻഡ് ചെയ്തത്.

സംഭവവുമായി ബന്ധപ്പെട്ട് കോന്നി ഡിഎഫ്ഒ, കോന്നി റേഞ്ച് ഓഫീസർ എന്നിവർക്കെതിരേ വരുംദിവസങ്ങളിൽ നടപടി ഉണ്ടാകുമെന്നാണ് സൂചന. റാന്നി ഡിഎഫ്ഒയുടെ ചുമതല വഹിക്കുന്ന എസിഎഫ് ജലാലുദ്ദീൻ ലബ്ബ സ്ഥലത്തെത്തിയാണ് വിശദമായ റിപ്പോർട്ട് തയ്യാറാക്കിയത്. വേലിക്കല്ലുകളുടെ അവസ്ഥസംബന്ധിച്ച് മേലധികാരികളെ അറിയിക്കുന്നതിൽ ജീവനക്കാർ വീഴ്ചവരുത്തിയതായി റിപ്പോർട്ടിൽ പറയുന്നു.

അമ്മയോടും ബന്ധുക്കളോടുമൊപ്പം ആനത്താവളത്തിലെത്തിയ അഭിരാം, തുമ്പോർജിയ പൂന്തോട്ടത്തിന് സമീപം കളിക്കുന്നതിനിടെ നാലടിയിലേറെ പൊക്കംവരുന്ന വേലിക്കല്ല് ദേഹത്തേക്ക് വീഴുകയായിരുന്നു. തലയ്ക്കാണ് ക്ഷതമേറ്റത്. കോന്നി ആനത്താവളം ഇക്കോ ടൂറിസം കേന്ദ്രമായി മാറിയപ്പോൾ അതിരുകല്ലായി ഉപയോഗിച്ചിരുന്നവ പെയിന്റടിച്ച് ഉള്ളിൽത്തന്നെ നിരത്തി സ്ഥാപിച്ചിരുന്നു. മണ്ണിൽ കുഴിച്ചിട്ട നിലയിലാണ് പലതും. വർഷങ്ങൾക്ക് മുൻപ് ചെയ്ത ജോലിയായതിനാൽ അടിഭാഗത്തെ മണ്ണ് ഒലിച്ചുപോയി കല്ല് ആടിനിൽക്കുകയായിരുന്നു.

കടമ്പനാട് ഗണേശ വിലാസം ഗവ. എൽ.പി.സ്കൂളിലെ പ്രീ പ്രൈമറി വിദ്യാർഥിയാണ് അഭിരാം. അബുദാബിയിൽ ജോലിയുള്ള അച്ഛൻ അജി ശനിയാഴ്ച നാട്ടിലെത്തി. സംസ്കാരം ഞായറാഴ്ച ഒന്നിന് വീട്ടുവളപ്പിൽ നടക്കും. കോന്നി പോലീസ് കേസെടുത്തു.

ആനത്താവളം അടച്ചു

ആനത്താവളത്തിൽ സുരക്ഷ ഉറപ്പാക്കിയശേഷമേ ഇനി തുറക്കൂവെന്ന് റാന്നി എസിഎഫ് ജലാലുദ്ദീന് ലബ്ബ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe