കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ ആദിവാസി യുവാവിന്റെ മരണം; രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

news image
Apr 5, 2025, 10:57 am GMT+0000 payyolionline.in

കൽപ്പറ്റ: ആദിവാസി യുവാവ് ഗോകുലിനെ കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നടപടി. കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സ്റ്റേഷനിൽ ജി.ഡി ചാർജ് ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥ ദീപയേയും പാറാവു നിന്ന ശ്രീജിത്തിനെയും ആണ് സസ്പെൻഡ് ചെയ്തത്. കണ്ണൂർ റേഞ്ച് ഡിഐജിയാണ് രണ്ട് പൊലീസുകാർക്കെതിരെ നടപടിയെടുത്തത്. സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കാൻ ശുപാർശ ചെയ്ത് വയനാട് ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി റിപ്പോർട്ട് നൽകിയിരുന്നു.

നേരത്തെ ജില്ലാ ക്രൈം ബ്രാഞ്ച് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തിരുന്നു. പൊലീസ് കംപെയിന്‍റ് അതോറിറ്റി ചെയർമാനും കല്‍പ്പറ്റ സ്റ്റേഷനില്‍ സന്ദർശനം നടത്തി. ഫോറൻസിക് സർജൻമാരുടെ സംഘവും കല്‍പ്പറ്റ സ്റ്റേഷനിലെത്തിയിരുന്നു. അതേസമയം ഗോകുലിന്റെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സമരം നടത്താൻ നീക്കവുമായി ആദിവാസി സംഘടനകൾ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സംഭവത്തിൽ ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കാനും തീരുമാനിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe