പുതിയ വാഹനങ്ങളെപ്പറ്റിയുള്ള പ്രധാന പരാതിയാണ് ചെറിയൊരു ഇടിയിലും തകർന്നു പോകുന്ന മുൻ–പിൻ ഭാഗം. ഒരു ചെറിയ ഇടിപോലും താങ്ങാൻ ശേഷിയില്ലാതെയാണ് വാഹനങ്ങൾ നിർമിക്കുന്നതെന്നാണ് ആളുകൾ പറയുന്നത്. ശരിക്കും ഇടിച്ചാൽ തകരാത്തതുപോലെയാണോ വാഹനങ്ങൾ നിർമിക്കേണ്ടത്, ഒന്നു നോക്കാം.
ക്രംബിൾ സോൺ
പഴയ അമ്പാസിഡർ കാറുകളുമായാണ് നാം എപ്പോഴും മറ്റുവാഹനങ്ങളെ താരതമ്യം ചെയ്യുന്നത്. കൂട്ടിയിടി നടന്ന് അകത്തിരിക്കുന്ന ആളുകൾ മരിച്ചാലും കുഴപ്പമില്ല വാഹനത്തിന് കാര്യമായ പരിക്കുകൾ പറ്റരുതെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ പഴയ കാലത്തെ അപേക്ഷിച്ച് വാഹനങ്ങൾ നിർമിക്കുന്നതിന് അടിസ്ഥാനമാക്കുന്ന തത്വവും സുരക്ഷ മാനദണ്ഡങ്ങളുമെല്ലാം ധാരാളം മാറിയിട്ടുണ്ട്. ഇരുചക്രവാഹന യാത്രക്കാരുടെ ഹെൽമെറ്റ് പോലെ അപകടമുണ്ടാകുമ്പോള്‍ ആഘാതം സ്വയം ഏറ്റെടുത്ത് തകരുക എന്നാണ് വാഹനങ്ങളുടെ മുൻഭാഗങ്ങളുടെ ധർമം.
എന്നാൽ ഈ തകർച്ച യാത്രക്കാർക്ക് സുരക്ഷയാണ് നൽകുന്നതെന്ന് പ്രത്യേകം പറയട്ടെ. ഇടിയിൽ തകരുന്ന മുൻ–പിൻ ഭാഗങ്ങളെ ക്രംപിൾ സോൺ എന്നാണ് പറയുന്നത്. അപകടമുണ്ടാകുമ്പോളുണ്ടാകുന്ന ആഘാതമെല്ലാം സ്വയം ഏറ്റെടുത്ത് തകരുക എന്നാണ് ഈ ക്രംപിൾ സോണുകളുടെ ധർമ്മം. ചെറിയ വേഗത്തിലാണെങ്കിൽ അപകടങ്ങൾ കൊണ്ടുണ്ടാകുന്ന ആഘാതം ചിലപ്പോൾ വളരെ വലുതായിരിക്കും അത് യാത്രക്കാരിലേക്ക് എത്താതിരിക്കാനാണ് ബംബറുകൾ അല്ലെങ്കിൽ മുൻഭാഗം തകരുന്നത്.
കാൽനടക്കാരുടെ സുരക്ഷ
വാഹനത്തിലെ യാത്രക്കാരുടെ സുരക്ഷ മാത്രമല്ല കാൽനടയാത്രികരുടേയും സുരക്ഷ പുതിയ വാഹനങ്ങൾ ഉറപ്പാക്കുന്നുണ്ട്. പെഡസ്ട്രിയന്‍ സേഫ്റ്റി മുൻ നിർത്തിയാണ് ഇപ്പോൾ വാഹനങ്ങൾ നിർമിക്കുന്നത്. അതുകൊണ്ടു തന്നെയാണ് മുന്നിലെ ബംബറുകൾ നിർമാണ നിലവാരം കുറവാണ് എന്ന് തോന്നുന്നത്. അപകട സമയത്ത് ബോണറ്റിനു പുറത്തേക്ക് ഒരാൾ വീണാൽ കൂടുതൽ പരിക്കുകളേൽക്കാതെ ആൾക്ക് രക്ഷപെടാൻ സാധിക്കണം എന്നതാണ് പ്രധാന ലക്ഷ്യം.