തിരുവനന്തപുരം: ത്രാസുകളും ഓട്ടോറിക്ഷ മീറ്ററും മുദ്രണംചെയ്യാന്‍ ഈയത്തിനുപകരം പോളികാര്‍ബണേറ്റ് ടാഗ് വരുന്നു. ക്രമക്കേട് തടയുന്നതിനാണ് പുതിയ സംവിധാനം. ഈയം ഒഴിച്ച് സ്റ്റീല്‍വയര്‍കൊണ്ട് മുദ്രവെക്കുകയാണ് ചെയ്യുന്നത്. ഈയം ചൂടാക്കി സ്റ്റീല്‍വയര്‍ ഇളക്കിമാറ്റി കൃത്രിമത്വം കാണിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ സംവിധാനം.
പോളികാര്‍ബണേറ്റ് ടാഗുകള്‍ ഇളക്കിമാറ്റാനാകില്ല. അഴിക്കാന്‍ ശ്രമിച്ചാല്‍ പൊട്ടുംവിധമാണ് നിര്‍മാണം. ഒരോ ടാഗിനും തിരിച്ചറിയല്‍ നമ്പറുണ്ടാകും. ഈ നമ്പറില്‍നിന്നും മുദ്രണംചെയ്ത കാലയളവ് തിരിച്ചറിയാനാകും. ടാഗിലെ നമ്പര്‍ സാക്ഷ്യപത്രത്തിലും ഉള്‍ക്കൊള്ളിക്കും. ആദ്യപടിയായി കൊല്ലം, ആലുവ, കൊയിലാണ്ടി താലൂക്കുകളിലാകും പദ്ധതി നടപ്പാക്കുക. തുടര്‍ന്ന് സംസ്ഥാനത്താകെ വ്യാപിപ്പിക്കും.
പുതിയസംവിധാനത്തില്‍ പോളികാര്‍ബണേറ്റ് ടാഗ് വകുപ്പു നേരിട്ട് വിതരണംചെയ്യും. ഇലക്ട്രോണിക് അളവുതൂക്ക ഉപകരണങ്ങള്‍ വ്യാപകമായതിനാല്‍ പോളികാര്‍ബണേറ്റ് ടാഗ് ഫലപ്രദമാണെന്നാണ് നിഗമനം. പഴയ അളവുതൂക്ക ഉപകരണങ്ങളില്‍ പഴയരീതി തുടരും.
ഓട്ടോറിക്ഷക്കൂലി; മൊബൈല്‍ ആപ്പിന് സാധ്യതയില്ല
ഓട്ടോറിക്ഷക്കൂലി ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസുകളുടെ മാതൃകയില്‍ മൊബൈല്‍ ആപ്പ് ഏര്‍പ്പെടുത്തുന്നതിന് നിയമപരിമിതിയുണ്ടെന്ന് ലീഗല്‍ മെട്രോളജി വകുപ്പ്. ഫെയര്‍ മീറ്റര്‍ മുദ്രണംചെയ്യാന്‍ മാത്രമാണ് കേന്ദ്ര നിയമപ്രകാരം വകുപ്പിന് അധികാരമുള്ളത്. മൊബൈല്‍ ആപ് മാതൃകയില്‍ ജിപിഎസ് സഹായത്തോടെ ദൂരം കണക്കാക്കാന്‍ നിയമത്തില്‍ വ്യവസ്ഥയില്ല.