തിരുവനന്തപുരം : മാസം 250 യൂണിറ്റിനു മുകളിൽ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് മൂന്നു സമയക്രമങ്ങളിൽ വ്യത്യസ്ത നിരക്ക് ഈടാക്കുന്ന ടൈം ഓഫ് ഡേ (ടിഒഡി) ബില്ലിങ് ഏർപ്പെടുത്തിയ ശേഷം ആ പരിധിയിൽ പുതിയതായി ഉൾപ്പെട്ട ഭൂരിഭാഗത്തിനും പതിവു ബില്ലിനൊപ്പം ഇടക്കാല (ഇന്ററിം) ബിൽ കൂടി നൽകിയത് ആശയക്കുഴപ്പത്തിനിടയാക്കി. ടിഒഡി മീറ്റർ സ്ഥാപിച്ച ശേഷം നൽകിയ ബിൽ ആണ് പ്രശ്നമായത്. ഇക്കാര്യത്തിൽ കെഎസ്ഇബി അറിയിപ്പു കൊടുത്തില്ലെന്നാണ് പരാതി.2024 ഡിസംബർ 31 വരെ മാസം 250 യൂണിറ്റിൽ കൂടുതൽ വൈദ്യുതി ഉപയോഗിച്ചവരെയാണ് ടിഒഡി ബില്ലിങ്ങിലേക്കു മാറ്റിയത്.
നേരത്തെ വീടുകളിൽ ടിഒഡി മീറ്റർ സ്ഥാപിച്ചവർക്ക് ജനുവരി 1 മുതൽ പുതിയ രീതിയിൽ ബിൽ ലഭിച്ചിരുന്നു. ഇതിനു ശേഷം 250 യൂണിറ്റിൽ അധികം ഉപയോഗിച്ചവർക്ക് മീറ്റർ മാറ്റി സ്ഥാപിച്ചതിലാണ് ആശയക്കുഴപ്പമുണ്ടായത്. ജനുവരി 1 മുതലോ അതിനു ശേഷം റീഡിങ് എടുത്ത തീയതി മുതലോ ടിഒഡി മീറ്റർ സ്ഥാപിച്ച തീയതി വരെയുള്ള ഉപയോഗമാണ് ഇടക്കാല ബില്ലിൽ എന്ന് വൈദ്യുതി ബോർഡ് അറിയിച്ചു. ടിഒഡി പ്രകാരമുള്ള തുക മറ്റൊരു കോളത്തിൽ ഉണ്ടാകും. ഇതു രണ്ടും കൂട്ടിയതാണ് ആകെ ബിൽ. ടിഒഡി സ്ഥാപിച്ച ശേഷമുള്ള ആദ്യത്തെ ബില്ലിൽ മാത്രമേ ഈ ആശയക്കുഴപ്പമുണ്ടാകൂ എന്നും സെക്‌ഷൻ ഓഫിസുകളിൽ ഇക്കാര്യത്തിൽ വ്യക്തത വരുത്താമെന്നും കെഎസ്ഇബി അറിയിച്ചു.