ലെയ്ന്‍ ട്രാഫിക് കൃത്യമായി പാലിച്ചാണോ നിങ്ങള്‍ വണ്ടിയോടിക്കാറ്? NH66-ന്റെ പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന മുറയ്ക്ക് സംസ്ഥാനത്ത് പലയിടത്തും ആറുവരിപ്പാത തുറന്നതോടെ ലെയ്ന്‍ ട്രാഫിക്കിന് പ്രാധാന്യമേറെയാണ്. സാധാരണ റോഡുകളില്‍ തോന്നിയ പോലെ വണ്ടിയോടിക്കുന്നവര്‍ അതേപോല ആറുവരിപ്പാതയിലേക്ക് വണ്ടിയുമായിറങ്ങിയാല്‍ എപ്പം പണി കിട്ടീന്ന് ചോദിച്ചാല്‍ മതി. ലെയ്ന്‍ ട്രാഫിക്കൊക്കെ പാലിച്ച് ആറുവരിപ്പാതയില്‍ എങ്ങനെ വണ്ടിയോടിക്കാം?
1,2,3… ഒരേ ദിശയില്‍ മൂന്ന് ലെയ്നുകള്‍. രണ്ട് ദിശയിലുമായി ആകെ ആറ് ലെയ്നുകള്‍. ഒന്നാമത്തെ ലെയ്ന്‍, അതായത് ഏറ്റവും ഇടതുവശമുള്ള ലെയ്ന്‍ ഭാരവാഹനങ്ങള്‍ക്കും വേഗത കുറഞ്ഞ മറ്റ് വാഹനങ്ങള്‍ക്കുമാണ്. അതായത് ചരക്കുലോറികള്‍, ട്രക്ക്, ഓട്ടോ, ഇരുചക്ര വാഹനങ്ങള്‍ എന്നിവയെല്ലാം ഈ ലെയ്നാണ് ഉപയോഗിക്കേണ്ടത്. മധ്യഭാഗത്തുള്ള ലെയ്ന്‍ വേഗതയില്‍ പോകുന്ന വാഹനങ്ങള്‍ക്കുള്ളതാണ്. അതായത് കാര്‍, ജീപ്പ്, മിനി വാന്‍ എന്നിവ. ഇടത്തേ ലെയ്നിലൂടെ പോകുന്ന വേഗത കുറഞ്ഞ വാഹനങ്ങള്‍ക്ക്, മുന്നിലുള്ള മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യാനും ഈ ലെയ്നിലേക്ക് കയറാം. പക്ഷേ, ഓവര്‍ ടേക്ക് ചെയ്ത് കഴിഞ്ഞാല്‍ ഉടനെ തന്നെ ഇടത്തേ ലെയ്നിലേക്ക് മാറണം.
ഇനി മൂന്നാമത്തെ ലെയ്നിലേക്ക് വരാം. രണ്ടാമത്തെ ലെയ്നില്‍ വേഗതയില്‍ പോകുന്ന വാഹനങ്ങള്‍ ഓവര്ടേക്കിങ്ങിന് മാത്രം ഉപയോഗിക്കേണ്ട ലെയ്നാണിത്. ഒഴിഞ്ഞുകിടക്കുന്നത് കണ്ട് വേഗത്തില്‍ പോകാമെന്നും കരുതി ദീര്‍ഘദൂരം ഈ ലെയ്നില്‍ കയറി യാത്ര ചെയ്യരുത്. മുന്നിലുള്ള വാഹനത്തെ ഓവര്‍ടേക്ക് ചെയ്ത് കഴിഞ്ഞാല്‍ ഉടനെ തന്നെ മധ്യലൈനിലേക്ക് തിരിച്ചുകയറണം. എമര്‍ജന്‍സി വാഹനങ്ങള്‍ക്കും ഈ ലെയ്ന്‍ തടസ്സമില്ലാതെ ഉപയോഗിക്കാം.
ലെയ്നുകള്‍ മാറി ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ കണ്ണാടിനോക്കാനും പിന്നിലുള്ള വാഹനങ്ങള്‍ക്ക് സിഗ്നല്‍ നല്‍കാനും മറക്കരുത്. ഈ രീതിയില്‍ ലൈന്‍ ട്രാഫിക്കൊക്കെ കൃത്യമായി പാലിച്ചാല്‍ അപകടങ്ങളും കുറയ്ക്കാനാകും. ആറുവരിപ്പാതയാണ്, വിശാലമായ റോഡ് കണ്ട് ആരും അമിതാവേശമൊന്നും കാണിക്കരുത്. ശ്രദ്ധയോടെ ജാഗ്രതയോടെ വാഹനമോടിക്കുക.