കൊടുങ്ങല്ലൂർ ∙ മകന്റെ ക്രൂരമായ ആക്രമണങ്ങളിൽ നിന്നും രക്ഷപ്പെടാൻ അശ്രയമന്ദിരത്തിലേക്ക് മാറാൻ ഒരുങ്ങുകയാണ് അബ്ദുൾ ജലീലും ഭാര്യ സീനത്തും.
ലഹരി ഉപയോഗിക്കരുതെന്ന് ഉപദേശിച്ചതിനാണ് അച്ഛൻ അബ്ദുൾ ജലീലിനെ മകൻ കുത്തി വീഴ്ത്തിയത്. അടുത്തിടെ അമ്മയുടെ കഴുത്തിലും ആ മകൻ കത്തിവെച്ചു. ഇനി ഈ മകനെ വേണ്ടെന്ന് പറയുന്നു, ആ അച്ഛനും അമ്മയും.
29 വയസ്സുള്ള മകന് മുഹമ്മദിനെ ഇനി തങ്ങളുടെ ജീവിതത്തില്‍ വേണ്ടെന്ന് ഉള്ള് നുറുങ്ങിയാണ് അബ്ദുൾ ജലീലിനും ഭാര്യയും പറയുന്നത്. ലഹരിക്കടിപ്പെട്ട മകന് തല്ലിക്കെടുത്തിയതാണ് കൊടുങ്ങല്ലൂര്‍ മരപ്പാലം അഴുവേലിക്കകത്ത് വീട്ടില്‍ അബ്ദുള്‍ ജലീലിന്റെയും സീനത്തിന്റെയും ജീവിതം. രണ്ട് മക്കളാണ് ഇരുവര്‍ക്കും. മകളെ കെട്ടിച്ചയച്ചു. കൊച്ചിയിലായിരുന്നു ആദ്യം താമസം. കൂട്ടുക്കെട്ടില്പ്പെട്ട് ലഹരിയിലേക്ക് കാലിടറിയ മകനെ രക്ഷിക്കാനാണ് ഇവർ കൊടുങ്ങല്ലൂരിലേക്ക് താമസം മാറ്റിയത്. ശാസിച്ചും ഉപദേശിച്ചും നന്നാക്കാന്‍ നോക്കിയ ഉപ്പയ്ക്ക് നേരെ മൂന്ന് കൊല്ലം മുമ്പ് മകന് കത്തിയെടുത്തു. മകനല്ലേ, ചെറുപ്പമല്ലേ എന്ന് പൊലീസുകാര്‍ പറഞ്ഞു. മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയതിന്റെ ആനുകൂല്യത്തില്‍ ഒരുമാസത്തിനുള്ളില്‍ മുഹമ്മദ് പുറത്തിറങ്ങി.
ഉപ്പയെ കൊല്ലാനൊരുങ്ങിയ മകനോട് പൊറുത്ത് അവനെ ചേര്‍ത്ത് പിടിച്ചത് ഉമ്മയായിരുന്നു. കഴിഞ്ഞ മാസം 25 ന് മുഹമ്മദ് ഉമ്മയുടെ കഴുത്തില്‍ കത്തിവച്ചു. ഇറച്ചിക്കറി കൊടുത്തില്ലെന്നതായിരുന്നു കാരണം. കഴുത്തിനും കൈക്കുമാണ് സീനത്തിന് കുത്തേറ്റത്. മരണമുഖത്ത് നിന്ന് കഷ്ടിച്ച് തിരിച്ചുവന്നു. ചോരയില്‍ കുളിച്ച് പുറത്തേക്ക് ഓടിയ സീനത്ത് കഴിഞ്ഞ ദിവസം വരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിന്നു. ലഹരിക്കടിമയായ മകനോട് ഇനി പൊറുക്കാനും മറക്കാനും ആവതില്ലെന്ന് ഇരുവരും പറയുന്നു. കഴിഞ്ഞ ദിവസം വരെ കൊടുങ്ങല്ലൂരിലെ ഇവരുടെ വീടിന്റെ പേര് മകന്റെ മുഹമ്മദിന്റെതായിരുന്നു. ഉമ്മയെ കൊല്ലാന്‍ ശ്രമിച്ച മകന്റെ പേര് ജലില്‍ വീട്ടില്‍ നിന്ന് പറിച്ചെറിഞ്ഞു.
കൊച്ചിയിലെ കൂട്ടുകാരൊത്തുള്ള വിരുന്നുകളും അവിടേക്ക് ഒഴുകിയ ലഹരിയിലുമാണ് മകന്റെ കാലിടറിയതെന്ന് ജലീല്‍ പറയുന്നു. നിയന്ത്രിക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം മകന് കുതറിയോടി. ഒടുവില്‍ നിയന്ത്രണമില്ലാതെ കത്തിയെടുത്തു. ചെറുപ്പക്കാരുടെ കൂട്ടുകളിലേക്ക് ഒഴുകുന്ന ലഹരിവഴികള്‍ അടയ്ക്കണമെന്ന് ജീവിതം താറുമാറായ ഉരുപ്പയും ഉമ്മയും കൈകൂപ്പുന്നു. മുഹമ്മദ് ജയിലില്‍ നിന്നിറങ്ങുന്നതില് ഭയന്നാണ് കുടുംബം കഴിയുന്നത്. മകൻ ജയിലില്‍ നിന്നിറങ്ങുന്നതിന് മുമ്പ് ആശ്രയ മന്ദിരത്തില്‍ അഭയം തേടാനൊരുങ്ങുകയാണ് ഈ മാതാപിതാക്കള്‍.
ലഹരിയെപ്പറ്റിയുള്ള വിവരം പോലീസിനെ അറിയിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന. ഈ മാസം മാത്രം അയ്യായിരത്തിലേറെ പേരാണ് പൊലീസിലേക്ക് വിളിച്ച് രഹസ്യ വിവരം കൈമാറിയത്. വിവരങ്ങൾ അറിയിക്കേണ്ട നമ്പറുകൾ ഒരിയ്ക്കൽ കൂടി പ്രേക്ഷകർക്കായി:
യോദ്ധാവ് വാട്സ് ആപ്പ് നമ്പര്‍
999 59 66 666
ഇതിലേക്ക് വാട്ട്സാപ്പിലൂടെ മാത്രം വിവരം നൽകുക
ആന്റി ഡ്രഗ്സ് കണ്ട്രോള് റൂം നമ്പര്‍.
9497 9797 24
9497 9277 97
വിവരം കൈമാറാം. വിവരം നൽകുന്നവരുടെ പേര് പൊലീസ് രഹസ്യമായി സൂക്ഷിക്കും.