കണ്ണൂർ: ഇന്ദിരാഗാന്ധി നാഷനൽ ഓപൺ യൂനിവേഴ്സിറ്റിയുടെ (ഇഗ്നോ) മൂന്നാം സെമസ്റ്റർ എം.ബി.എ പരീക്ഷക്ക് കണ്ണൂർ സെൻട്രൽ ജയിൽ പരീക്ഷകേന്ദ്രമായി ലഭിച്ചത് അമ്പതോളം വിദ്യാർഥികളെ പ്രതിസന്ധിയിലാക്കി. കഴിഞ്ഞ രണ്ടുതവണ കൂത്തുപറമ്പ് നിർമലഗിരി കോളജിൽ പരീക്ഷയെഴുതിയ കുട്ടികൾക്കാണ് മൂന്നാം സെമസ്റ്റർ പരീക്ഷക്കായി സെൻട്രൽ ജയിൽ പരീക്ഷകേന്ദ്രമായി ലഭിച്ചത്. 1700 രൂപ പരീക്ഷ ഫീസായി അടക്കുകയും ചെയ്തിരുന്നു.
സെൻട്രൽ ജയിലിൽ പരീക്ഷയെഴുതാൻ പുറത്തുനിന്നുള്ള വിദ്യാർഥികളെ അനുവദിക്കുമോയെന്ന സംശയത്തെത്തുടർന്ന് ചില വിദ്യാർഥികൾ ജയിൽ അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് സർവകലാശാല സൈറ്റിലുള്ളത് തെറ്റായ വിവരമാണെന്ന് ബോധ്യപ്പെട്ടത്. ഇഗ്നോ സർവകലാശാലയുടെ വടകരയിലെ റീജനൽ സെന്ററിലെത്തിയ വിദ്യാർഥികൾ അധികൃതരുടെ നിർദേശ പ്രകാരം സർവകലാശാലയിൽ ഓൺലൈനായി പരാതി നൽകി.
അതേസമയം കണ്ണൂർ സെൻട്രൽ ജയിൽ പരീക്ഷ സെന്ററായി ലഭിച്ച വിദ്യാർഥികൾക്ക് മറ്റ് സെന്ററുകളിൽ പരീക്ഷയെഴുതാൻ അവസരം നൽകുമെന്നും രണ്ടു ദിവസത്തിനകം പ്രശ്നം പരിഹരിക്കുമെന്നും സർവകലാശാല അധികൃതർ അറിയിച്ചു. അതേസമയം, ജയിൽ അന്തേവാസികൾക്കായി കണ്ണൂർ സെൻട്രൽ ജയിലിൽ ഏർപ്പെടുത്തിയ പരീക്ഷ സെന്റർ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.