കോഴിക്കോട്: വിദ്യാർഥികൾ തമ്മിലുള്ള ഏറ്റുമുട്ടൽ ക്രമസമാധാനപ്രശ്നമാകുന്ന സാഹചര്യത്തിൽ പരീക്ഷകൾ അവസാനിക്കുന്ന ദിവസങ്ങളിൽ സ്‌കൂളുകൾ ജാഗ്രതയിൽ. എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ കഴിയുന്ന 26-നും 29-നും കണ്ണൂർ ജില്ലയിൽ ജാഗ്രതാദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടുദിവസവും പരീക്ഷ കഴിഞ്ഞ് കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോകാൻ രക്ഷിതാക്കളെത്തണമെന്ന് കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ സ്‌കൂൾ അധികൃതരും പോലീസും നിർദേശിച്ചു. പ്രശ്‌നസാധ്യതയുള്ള മറ്റിടങ്ങളിലും സർക്കാർ നിർദേശത്തെത്തുടർന്ന് മുൻകരുതലെടുത്തിട്ടുണ്ട്. താമരശ്ശേരിയിൽ ട്യൂഷൻ സെൻ്ററിലെ യാത്രയയപ്പ് ചടങ്ങിലുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ് 10-ാം ക്ലാസ് വിദ്യാർഥി മരിച്ചതിൻ്റെയും ലഹരി ഉപയോഗവും തമ്മിൽത്തല്ലും വ്യാപകമായതിൻ്റെയും പശ്ചാത്തലത്തിലാണിത്. കഴിഞ്ഞവർഷം വിദ്യാർഥികൾ ഏറ്റുമുട്ടുകയും സ്കൂകൂളുകൾ തല്ലിത്തകർക്കുകയും ചെയ് സംഭവങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ പോലീസും ഗൗരവത്തോടെയാണ് ഇടപെടുന്നത്.
കണ്ണൂരിലെ സ്‌കൂളുകളിൽ പോലീസ്, ജനപ്രതിനിധികൾ, പിടിഎ ഭാരവാഹികൾ എന്നിവരുടെ സാന്നിധ്യമുണ്ടാകും. ജില്ലാപഞ്ചായത്ത് മുൻകൈയെടുത്ത് നേരത്തേ ജില്ലാഭരണകൂടം, ഡിഎൽഎസ്എ. പോലീസ്, എക്സൈസ്, വിദ്യാഭ്യാസവകുപ്പ് എന്നിവയുടെ സംയുക്തയോഗം വിളിച്ചിരുന്നു. പരീക്ഷ കഴിഞ്ഞാൽ ആഘോഷങ്ങൾ ഒഴിവാക്കി സമാധാനപരമായി പോകാനാണ് കുട്ടികൾക്കുള്ള നിർദേശം. സ്‌കൂൾതലത്തിലുള്ള സ്റ്റുഡൻ്റ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് ശക്തിപ്പെടുത്താനും സർക്കാർ നിർദേശിച്ചിട്ടുണ്ട്.
നിസ്സാരമായി കാണാനാകില്ല
കഴിഞ്ഞവർഷം പരീക്ഷ തീരുന്ന ദിവസങ്ങളിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായതിനും സ്‌കൂളിന് കേടുപാട് വരുത്തിയതിനും കേസുണ്ടായിരുന്നു. മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട പ്രശ്നം കൂടിവരുന്നതുകൊണ്ട് ഇത് നിസ്സാരമായി കാണാനാകില്ല. കുട്ടികൾ പ്രശ്നമുണ്ടാക്കിയാലും സ്‌കൂളിന് നാശമുണ്ടാക്കിയാലും രക്ഷിതാവാണ് ഉത്തരവാദി. പ്രശ്നങ്ങളില്ലാതെ സന്തോഷപ്രദമായ യാത്രയയപ്പൊരുക്കാനാണ് ശ്രമിക്കുന്നത്.
കെ.വി.വേണുഗോപാൽ അഡീഷണൽ എസ്‌പി, കണ്ണൂർ സിറ്റി