കോഴിക്കോട്: റോഡ് റീ ടാറിങ്ങിനു പകരം ആധുനിക രീതിയായ ‘ടോപ് ലെയർ മില്ലിങ്’ സംവിധാനത്തിൽ ജില്ലയിൽ ആദ്യമായി നഗരത്തിലെ മൂന്നു പ്രധാന റോഡുകൾ അറ്റകുറ്റപ്പണി നടത്തുന്നു. 7 വർഷം മുൻപ് യുഎൽസിസിഎസ് ഏറ്റെടുത്ത കെസിആർഐപി പ്രോജക്ടിലെ വെള്ളിമാടുകുന്ന് പൂളക്കടവ് – കോവൂർ മിനി ബൈപാസ്, കാരപ്പറമ്പ് – കല്ലുത്താൻ കടവ് ബൈപാസ്, പുഷ്പ ജംക്‌ഷൻ – മാങ്കാവ് റോഡ് എന്നിവയാണ് നിലവിലുള്ള 4 സെന്റീമീറ്റർ ബിസി (ബിറ്റുമിൻ കോൺക്രീറ്റ്) ടാറിങ് ഇളക്കിയെടുത്തു ടോപ് ലെയർ മില്ലിങ് യന്ത്രം ഉപയോഗിച്ചു ഉപരിതലം മാറ്റുന്നത്.
ഈ രീതിയിൽ റോഡ് ഉപരിതലം പുതുക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ റോഡുകളാണ് ഇവ. പൂളക്കടവ് – കോവൂർ മിനി റോഡിലാണ് നിലവിൽ പ്രവൃത്തി നടക്കുന്നത്. ഇന്നലെ ഇരിങ്ങാടൻപള്ളി വരെ മില്ലിങ് കട്ടിങ് പൂർത്തിയായി. ഇന്നു കോവൂർ മിനി ബൈപാസിൽ നടക്കും. അടുത്ത ദിവസം മറ്റു രണ്ടു റോഡുകളിൽ നിർമാണം തുടങ്ങും. റോഡ് ഫണ്ട് ബോർഡ് നിർദേശ പ്രകാരം റോഡ് സർഫസ് (സർഫസ് റഫ് ലസ് ടെസ്റ്റ്) പരിശോധനയിൽ ഈ റോഡിൽ വിവിധ വർക്കുകൾ നടന്നതിനാൽ റോഡിന്റെ ഗുണനിലവാരം കുറഞ്ഞിട്ടുണ്ട്.
ജല അതോറിറ്റി, വാതക പൈപ്പ് ലൈൻ എന്നീ ജോലിയിലും നിരന്തര വാഹന ഗതാഗതത്തിലും റോഡ് ഉപരിതലം അപ്ഗ്രേഡ് ചെയ്യേണ്ട സാഹചര്യം ഉണ്ടായതോടെയാണ് 15 വർഷം കാലാവധിയിൽ യുഎൽസിസിഎസ് ഏറ്റെടുത്ത റോഡുകൾ ഉപരിതലം മാറ്റുന്നത്. ബിഎം – ബിസി സംവിധാനത്തിൽ ഉപരിതലം നിർമിച്ച ഈ റോഡുകളിൽ ബിസി മിശ്രിതം മില്ലിങ് യന്ത്രം ഉപയോഗിച്ചു ഡയ്മൻ രൂപത്തിൽ 4 സെന്റീമീറ്റർ താഴ്ത്തിയാണു മുറിച്ചെടുക്കുന്നത്. മുറിച്ചെടുത്ത മിശ്രിതം പ്ലാന്റിൽ എത്തിച്ചു രാസ മിശ്രിതവും ബിറ്റുമിനും ചേർത്ത് 30 ദിവസത്തിനുശേഷം ഇതേ റോഡുകളുടെ ഉപരിതലം പുതുക്കാൻ ഉപയോഗിക്കുന്നതിനാൽ കരിങ്കൽ മെറ്റലും ടാറും കൂടുതൽ ആവശ്യമില്ല.