കോഴിക്കോട് : ജില്ലയിലെ ലഹരി വ്യാപനം തടയുന്നതിനായി പൊലീസ് പരിശോധന ശക്തമാക്കി. ബെംഗളൂരുവിൽ നിന്നെത്തുന്ന ബസുകളിലാണ് പ്രധാനമായും പരിശോധന നടക്കുന്നത്. നാദാപുരം, കുറ്റ്യാടി, വളയം, തൊട്ടിൽപാലം മേഖലകളിൽ പുലർച്ചെ നാലുമണിയോടെ പൊലീസും ഡാൻസാഫും ചേർന്നാണ് പരിശോധന നടത്തിയത്.
അതിനിടെ കോഴിക്കോട് താമരശേരിയിൽ മെത്താഫിറ്റമിനും കഞ്ചാവുമായി രണ്ടുപേരെ എക്സൈസ് പിടികൂടി. 636 മില്ലി ഗ്രാം മെത്താഫിറ്റമിനുമായി പുതുപ്പാടി സ്വദേശി റമീസും 84 ഗ്രാം കഞ്ചാവുമായി ആഷിഫുമാണ് പിടിയിലായത്. പുതുപ്പാടി, മണവയൽ ചേലോട് ഭാഗങ്ങളിൽ എക്സൈസ് നടത്തിയ റെയ്ഡിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.