‘ലഹരി ഉപയോഗം നേരത്തെ അറിയാം, വിലക്കിയിട്ടും വിവാഹം; ഷിബിലയുടെ സ്വർണാഭരണങ്ങള്‍ വിറ്റ് പണം ധൂർത്തടിച്ചു’

news image
Mar 19, 2025, 10:34 am GMT+0000 payyolionline.in

കോഴിക്കോട് ∙ ഈങ്ങാപ്പുഴയില്‍ ചൊവ്വാഴ്ച വൈകിട്ട് ഭാര്യയെ കുത്തിക്കൊന്ന യാസിര്‍, ഉമ്മയെ കഴുത്തറത്ത് കൊന്ന ആഷിഖിന്‍റെ അടുത്ത സുഹൃത്ത്. ആഷിഖും യാസിറും ഒരുമിച്ചുള്ള ചിത്രങ്ങൾ പുറത്തുവന്നു. ഇവരെല്ലാം വലിയ ലഹരി മരുന്ന് സംഘത്തിന്റെ കണ്ണികളാണെന്നാണ് നാട്ടുകാർ പറയുന്നത്.

ഒരുമാസം മുന്‍പായിരുന്നു അടിവാരം സ്വദേശി സുബൈദയെ (53) മകൻ ആഷിഖ് കഴുത്തറത്ത് കൊന്നത്. ലഹരി മരുന്നിന് അടിമയായിരുന്നു ആഷിഖ്. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച സുബൈദ ശസ്ത്രക്രിയയ്ക്ക് ശേഷം പുതുപ്പാടിയുള്ള സഹോദരിയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്ത് എത്തിയ ആഷിഖ് സുബൈദയെ മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നു. തനിക്ക് ജന്മം നൽകിയതിനുള്ള ശിക്ഷയാണ് നടപ്പാക്കിയതെന്നായിരുന്നു ആഷിഖ് കൊലപാതകശേഷം നാട്ടുകാരോട് പറഞ്ഞത്.

ഇന്നലെ രാത്രി 7 മണിയോടെയാണ് താമരശ്ശേരിയെ ഞെട്ടിച്ച് വീണ്ടും കൊലപാതകം അരങ്ങേറിയത്. ലഹരിക്കടിമയായ യാസിറിന്റെ ഉപദ്രവം സഹിക്കാൻ വയ്യാതെയാണ് ഷിബില ഈങ്ങാപ്പുഴയുള്ള സ്വന്തം വീട്ടിലെത്തിയത്. ഇതിനിടെ കുടുംബ പ്രശ്നം തീർക്കാൻ നാട്ടുകാർ ഇടപെട്ട് ചർച്ച നടത്തിയിരുന്നു. യാസിറും ഷിബിലയും പ്രേമിച്ചാണ് വിവാഹം കഴിച്ചത്. വിവാഹത്തിന് മുൻപു തന്നെ യാസിർ ലഹരി മരുന്ന് ഉപയോഗിക്കുന്ന വിവരം അറിയാമായിരുന്നതിനാൽ വീട്ടുകാർ എതിർത്തു. എന്നാൽ ഇത് വകവയ്ക്കാതെയാണ് യാസറിനെ ഷിബില വിവാഹം ചെയ്തത്. 2020 ൽ വിവാഹിതരായ ശേഷം ഷിബിലയും യാസിറും അടിവാരത്ത് വാടക വീട്ടിലായിരുന്നു താമസം.

വിവാഹ ശേഷം ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ പ്രശ്നങ്ങൾ തുടങ്ങി. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന യാസിർ ഷിബിലയെ മർദിക്കുകയും സ്വർണാഭരണങ്ങള്‍ വിറ്റ് പണം ധൂർത്തടിക്കുകയും ചെയ്തു. ഒരു മാസം മുന്‍പ് മകളുമായി സ്വന്തം വീട്ടിലെത്തിയ ഷിബില യാസിറിനെതിരെ പൊലീസില്‍ പരാതിയും നൽകി. എന്നാൽ പൊലീസ് കാര്യമായ നടപടി എടുത്തില്ലെന്ന് ആരോപണമുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe