മാര്‍ച്ചിലെ നല്ല ദിനം; ഒരു ശതമാനത്തിന് മുകളില്‍ നേട്ടവുമായി വിപണി; നിക്ഷേപകർക്ക് നേട്ടം 4 ലക്ഷം കോടി

news image
Mar 18, 2025, 12:44 pm GMT+0000 payyolionline.in

മികച്ച നേട്ടത്തോടെ ക്ലോസ് ചെയ്ത് ഇന്ത്യന്‍ ഓഹരി സൂചികകള്‍. സെന്‍സെക്സ്, നിഫറ്റി സൂചികകള്‍ ഒരു ശതമാനത്തിന് മുകളില്‍ നേട്ടമുണ്ടാക്കി. ആഗോള ഘടകങ്ങള്‍ അനുകൂലമായതും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ വാങ്ങലും നേട്ടത്തിന് കാരണമായി.

സെന്‍സെക്സ് 1,200 പോയിന്‍റ് വരെ നേട്ടമുണ്ടാക്കി. നിഫ്റ്റി 22,857 വരെ കുതിച്ചു. ഇന്‍ട്രാഡേയില്‍ മാര്‍ച്ച് അഞ്ചിന് ശേഷം ഇത്തരമൊരു നേട്ടമുണ്ടാകുന്നത് ആദ്യം. വ്യാപാരാന്ത്യത്തില്‍‌ 1,131 പോയിന്‍റ് നേട്ടത്തില്‍ (1.53%) സെന്‍സെക്സ് 75,301.26 ലും നിഫ്റ്റി 326 പോയിന്‍റ് നേട്ടത്തില്‍ (1.45%) 22,834 ലും ക്ലോസ് ചെയ്തു.

ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത ഓഹരികളുടെ വിപണി മൂല്യം 393 ലക്ഷം രൂപയില്‍ നിന്നും 397 ലക്ഷം രൂപയായി ഉയര്‍ന്നു. ഒറ്റ സെഷനില്‍ നിക്ഷേപകര്‍ക്ക് നേട്ടം 4 ലക്ഷം കോടി രൂപ. എല്ലാ സെക്ടറല്‍ സൂചികകളും നേട്ടത്തിലാണ്. നിഫ്റ്റി ഫിനാന്‍ഷ്യല്‍സ് 1.9 ശതമാനംസ നിഫ്റ്റി ബാങ്ക് 2 ശതമാനം, പിഎസ്‍യു ബാങ്ക് 2.3 ശതമാനം ഉയര്‍ന്നു. ബിഎസ്ഇ സ്മോള്‍കാപ്, മിഡ്കാപ് സൂചികകള്‍ മൂന്ന് ശതമാനം വരെ ഉയര്‍ന്നു.

അനുകൂലമായ ആഗോള വിപണി

ആഗോള, ആഭ്യന്തര ഘടകങ്ങള്‍ സമ്മിശ്രമായി ഇന്നത്തെ നേട്ടത്തിന്‍റെ കാരണമായിട്ടുണ്ട്. ഏഷ്യന്‍, യുഎസ് വിപണികളിലെ നേട്ടം ഇന്ത്യന്‍ വിപണിക്ക് കരുത്തായി. ഹോങ്‍കോങിലെ ഹാങ് സെങ് സൂചിക ചൊവ്വാഴ്ച രണ്ട് ശതമാനത്തോളം ഉയര്‍ന്ന് മൂന്ന് വര്‍ഷത്തെ ഉയരത്തിലെത്തി. ചൈനയുടെ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷ ഉയരുന്നു എന്ന നിക്ഷേപ വിലയിരുത്തലാണിതിന് കാരണം. അനുകൂലമായ സാമ്പത്തിക ഡാറ്റ, പോളിസി എന്നിവ ഇതിന് അനുകൂലമായി. ഈ വര്‍ഷം ഇതുവരെ 23 ശതമാനമാണ് ഹാങ് സെങ് ഉയര്‍ന്നത്.

സമ്പദ്വ്യവസ്ഥയുടെ മുന്നേറ്റം

ഭക്ഷ്യവിലയിലുണ്ടായ ഇടിവ് രാജ്യത്ത് ഫെബ്രുവരിയിലെ റീട്ടെയില്‍ പണപ്പെരുപ്പത്തെ തണുപ്പിച്ചിട്ടുണ്ട്. ഏഴുമാസത്തെ ഇടിവായ 3.61 ശതമാനമാണ് നിലവിലെ പണപ്പെരുപ്പം. ഇത് മറ്റൊരു റിപ്പോ നിരക്ക് കുറയ്ക്കലിന്‍റെ സാധ്യത തുറന്നിടുന്നു. ജനുവരിയിലെ

ഇന്‍ഡസ്ട്രിയല്‍ പൊഡക്ഷന്‍ സൂചിക പ്രകാരം ഫാക്ടറി ഔട്ട്പുട്ട് വളര്‍ച്ച 5.01 ശതമാനത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ഇത് എട്ടു മാസത്തിലെ ഉയര്‍ന്ന നിലവാരമാണ്.

ഇത്തരം കണക്കുകള്‍ അടുത്ത പാദത്തില്‍ കമ്പനികളുടെ വരുമാനത്തിൽ ഉണര്‍വ് ഉണ്ടാക്കുമെന്ന പ്രതീക്ഷ ഉയർത്തിയിട്ടുണ്ട്. ഇത് വിപണി വികാരത്തെ സ്വാധീനിക്കുന്നു.

ആഭ്യന്തര ഫണ്ടുകളുടെ വാങ്ങല്‍ 

വിദേശ നിക്ഷേപകര്‍ വിപണി വിടുമ്പോഴും വിപണി നങ്കൂരമിടുന്നത് ആഭ്യന്തര ഫണ്ടുകളിലാണ്. 2025 ല്‍ ഇതുവരെ 1.69 ലക്ഷം കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റത്. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ വാങ്ങല്‍ 1.83 ലക്ഷം കോടി കടന്നു. തിങ്കളാഴ്ച വിദേശ ഫണ്ടുകളുടെ 4,488 കോടി രൂപയുടെ വില്‍പ്പന മറികടന്ന് 6,000 കോടി രൂപയുടെ ഓഹരികളാണ് ആഭ്യന്തര ഫണ്ടുകള്‍ വാങ്ങിയത്.

രൂപയുടെ മുന്നേറ്റം

ഡോളര്‍ ദുര്‍ബലമാകുന്നതും രൂപ നേട്ടമുണ്ടാക്കുന്നതും വിപണിയിലും അനുകൂലമായി. ചൊവ്വാഴ്ച ഡോളറിനെതിരെ 10 പൈസ ഉയര്‍ന്ന് 86.71 നിലവാരത്തിലാണ് രൂപ. ഡോളര്‍ സൂചിക 103.50 നിലവാാരപത്തിലേക്ക് താഴ്ന്നു. ഈ വര്‍ഷം ഇതുവരെയുള്ള ഇടിവ് 4.50 ശതമാനം.

ഡോളര്‍ ദുര്‍ബലമാകുന്നത് ഇന്ത്യന്‍ വിപണിയില്‍ നിന്നുള്ള വിദേശനിക്ഷേപത്തിന്‍റെ പുറത്തേക്ക് ഒഴുക്കിനെ കുറയ്ക്കും എന്നതിനൊപ്പം പുതിയ വാങ്ങലുകള്‍ക്കും സഹായിക്കും. ഇറക്കുമതി ചിലവ് കുറയ്ക്കാനും പണപ്പെരുപ്പ സമ്മര്‍ദ്ദം ലഘൂകരിക്കാനും രൂപയുടെ മുന്നേറ്റം സഹായിക്കുന്നുണ്ട്.

ഇടിവിന് ശേഷം വാങ്ങല്

സമീപകാലത്തെ ഇടിവിന് ശേഷം അനുകൂലമായ വാല്യുവേഷനില്‍ നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങാന്‍ തുടങ്ങിയതാണ് മറ്റൊരു കാരണം. പ്രത്യേകിച്ച് ലാർജ് കാപ് ഓഹരികളില്‍ ഇത് പ്രകടമാണ്.

നിഫ്റ്റി 50യില്‍ 47 ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോള്‍ മുന്നെണ്ണം മാത്രമാണ് ഇടിഞ്ഞത്. ഐസിഐസിഐ ബാങ്ക് (3.35%), ലാര്‍സന്‍ ആന്‍ഡ് ട്രൂബോ (3.07%), ശ്രീറാം ഫിനാന്‍സ് (3%), മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (2.95%), ടാറ്റ മോട്ടോഴ്സ് (2.69%) എന്നിവയാണ് നേട്ടത്തിലെത്തിയത്.

സെന്‍സെക്സിലെ 30 ഓഹരികളില്‍ നാലെണ്ണം ഒഴികെ എല്ലാം നേട്ടത്തിലാണ്.  സൊമാറ്റോ 7.11 ശതമാനം ഉയര്‍ന്നു. ഐസിഐസിഐ ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, ലാര്‍സന്‍ ആന്‍ഡ് ട്രൂബോ എന്നിവയണ് നേട്ടത്തില്‍.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe