ഭർത്താവിന്റെ പിണക്കം മാറ്റാൻ പൂജ , ജ്യോത്സ്യനെ ഹണിട്രാപ്പിൽ കുടുക്കി: യുവതി അറസ്‌റ്റിൽ

news image
Mar 18, 2025, 10:42 am GMT+0000 payyolionline.in

പാലക്കാട് ∙ വീട്ടിലെ ദോഷം തീർക്കാൻ പൂജ ചെയ്യാനെന്ന വ്യാജേന ജ്യോത്സ്യനെ വിളിച്ചുവരുത്തി ഹണിട്രാപ്പിൽ പെടുത്തി കവർച്ച ചെയ്‌ത സംഭവത്തിൽ ഒരാൾകൂടി അറസ്‌റ്റിൽ. ചെല്ലാനം സ്വദേശിനി പി.അപർണയാണ് (23) ഞായറാഴ്‌ച രാത്രി എറണാകുളത്തു പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവർ ആറായി. ഇനി നാലുപേരെ കൂടി പിടിക്കാനുണ്ടെന്നു പൊലീസ് പറഞ്ഞു.

കേസുമായി ബന്ധപ്പെട്ടു നിരീക്ഷണത്തിലുള്ള നല്ലേപ്പിള്ളി കുറ്റിപ്പള്ളം സ്വദേശി ജിതിനുമായി സമൂഹമാധ്യമം വഴിയുള്ള ബന്ധമാണ് അപർണയെ തട്ടിപ്പിന്റെ ഭാഗമാക്കിയത്. ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന അപർണയ്ക്കു പണം അത്യാവശ്യമുണ്ടെന്നു ജിതിനോടു പറഞ്ഞിരുന്നു. ജിതിൻ നിർദേശിച്ച പ്രകാരം ഹണിട്രാപ്പിൽ വീഴ്ത്തി കവർച്ച ചെയ്യാനാണെന്ന് അറിഞ്ഞാണ് അപർണ നാട്ടിലെത്തിയത്. തന്റെ മൊബൈൽ ഫോണിലാണു നഗ്നചിത്രങ്ങൾ പകർത്തിയതെന്നു കൊഴിഞ്ഞാമ്പാറ പൊലീസിനു അപർണ മൊഴിനൽകി.

മൊബൈലിൽനിന്നു ഡിലീറ്റ് ചെയ്ത ചിത്രങ്ങൾ ഫൊറൻസിക് വിഭാഗത്തിന്റെ സഹായത്തോടെ വീണ്ടെടുക്കാനാണു ശ്രമം. കൊച്ചി ഡപ്യൂട്ടി സിറ്റി പൊലീസ് കമ്മിഷണർ അശ്വതി ജിജിയുടെ സഹായത്തോടെ അപർണയുടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെപ്പറ്റി സൂചന ലഭിച്ചത്. ചിറ്റൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഹണി ട്രാപ് കവർച്ചയിൽ കഴിഞ്ഞദിവസം മലപ്പുറം മഞ്ചേരി സ്വദേശിനി ഗൂഡലൂരിൽ താമസിക്കുന്ന മൈമുന (44), നല്ലേപ്പിള്ളി കുറ്റിപ്പള്ളം പാറക്കാൽ എസ്.ശ്രീജേഷ് (24) എന്നിവരെ കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടിയിരുന്നു. കൊല്ലങ്കോട് സ്വദേശിയായ ജ്യോത്സ്യനാണു തട്ടിപ്പിനിരയായത്.

 

സംഭവത്തെ പറ്റി പൊലീസ് പറയുന്നത്

കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് മൈമുനയും ഒരു യുവാവും കൊല്ലങ്കോട്ടെ ജ്യോത്സ്യന്റെ വീട്ടിലെത്തി. ഭർത്താവുമായി പിണങ്ങിക്കഴിയുകയാണെന്നും വീട്ടിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്നും പൂജ ചെയ്തു പരിഹാരം കാണണമെന്നും പറഞ്ഞു. പിറ്റേന്നു രാവിലെ പതിനൊന്നോടെ കൊഴിഞ്ഞാമ്പാറയിലെത്തിയ ജ്യോത്സ്യനെ 2 യുവാക്കൾ ചേർന്നു കല്ലാണ്ടിച്ചള്ളയിലെ വീട്ടിലേക്കു കൊണ്ടുപോയി. കൊലപാതകം ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയായ എൻ.പ്രതീഷിന്റെ (36) വീടായിരുന്നു അത്.

വീട്ടിൽ പൂജയ്ക്കുള്ള ഒരുക്കങ്ങൾക്കിടെ ജ്യോത്സ്യനെ  പ്രതീഷ് അസഭ്യം പറഞ്ഞ് മുറിയിലേക്കു കൊണ്ടുപോയി മർദിച്ചു വിവസ്ത്രനാക്കി. അതിനുശേഷം മൈമുനയെ ജ്യോത്സ്യനൊപ്പം നിർത്തി നഗ്നഫോട്ടോയും വിഡിയോയും ചിത്രീകരിച്ചു. ജ്യോത്സ്യന്റെ നാലര പവന്റെ മാലയും മൊബൈൽ ഫോണും പണവും കൈക്കലാക്കി. 20 ലക്ഷം രൂപ ആവശ്യപ്പെട്ടു. കൊടുത്തില്ലെങ്കിൽ നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമെന്നും ബന്ധുക്കൾക്ക് അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തി. 2 സ്ത്രീകൾ ഉൾപ്പെടെ 9 പേർ വീട്ടിലുണ്ടായിരുന്നു. മറ്റൊരു അടിപിടിക്കേസുമായി ബന്ധപ്പെട്ടു മൊബൈൽ ടവർ ലൊക്കേഷൻ പിന്തുടർന്നു പ്രതീഷിന്റെ വീട്ടിൽ പൊലീസ് എത്തിയതാണു സംഭവങ്ങൾക്ക് അപ്രതീക്ഷിത വഴിത്തിരിവുണ്ടാക്കിയത്.

പൊലീസിനെ കണ്ട് വീട്ടിലുണ്ടായിരുന്നവർ കടന്നുകളഞ്ഞു. ചിതറിയോടിയ സ്ത്രീകളിൽ ഒരാൾ മദ്യലഹരിയിൽ റോഡിൽ വീണു കിടക്കുന്നതു കണ്ടു നാട്ടുകാർ ചോദ്യം ചെയ്തപ്പോൾ അസഭ്യം പറഞ്ഞു. വിവരം നാട്ടുകാർ കൊഴിഞ്ഞാമ്പാറ പൊലീസിനെ അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണു തട്ടിപ്പ് പുറത്തായത്. ഇതിനിടെ രക്ഷപ്പെട്ടു കൊല്ലങ്കോട്ടെ വീട്ടിലെത്തിയ ജ്യോത്സ്യൻ പരാതി നൽകാനായി സ്റ്റേഷനിലെത്തി. കൊല്ലങ്കോട് പൊലീസിന്റെ നിർദേശപ്രകാരം കൊഴിഞ്ഞാമ്പാറ പൊലീസിൽ പരാതി നൽകുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe