പൊതുസ്ഥലങ്ങള്‍ ഹരിതാഭമാക്കി പാര്‍ക്കുകളും സ്‌നേഹാരാമങ്ങളും നിര്‍മ്മിച്ചതിന് അംഗീകാരം; സംസ്ഥാന പരിസ്ഥിതി സംഗമത്തിലേക്ക് കൊയിലാണ്ടി നഗരസഭയ്ക്ക് ക്ഷണം

news image
Mar 16, 2025, 4:33 pm GMT+0000 payyolionline.in

കൊയിലാണ്ടി : ‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായി പൊതുസ്ഥലങ്ങൾ ഹരിതാഭമാക്കി പാർക്കുകളും സ്നേഹാരാമങ്ങളും ഉണ്ടാക്കിയതിന് കൊയിലാണ്ടി നഗരസഭയ്ക്ക് അംഗീകാരം. ഹരിത കേരളം മിഷൻ ജലദിനത്തോടനുബന്ധിച്ച് 24 ന് തിരുവനന്തപുരത്ത് നടത്തുന്ന പരിസ്ഥിതി സംഗമത്തിലേക്ക് ആണ് കൊയിലാണ്ടി നഗരസഭയെ ക്ഷണിച്ചിരിക്കുന്നത്. ജനപങ്കാളിത്തത്തോടെയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വ്യക്തികൾ തദ്ദേശസ്ഥാപനങ്ങൾ എന്നിവർക്ക് അവരുടെ അനുഭവങ്ങൾ, പ്രവർത്തനങ്ങൾ , മാതൃകകൾ പങ്കുവെക്കാനാണ് ഹരിത കേരള മിഷൻ വേദിയൊരുക്കുന്നത്.

 

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്ഥാപനങ്ങളുടെ പ്രതിനിധികൾ പരിസ്ഥിതി സംഗമത്തിൽ പങ്കെടുക്കും. മാലിന്യ കൂമ്പാരമായി കിടന്ന സ്ഥലങ്ങളെ വൃത്തിയാക്കി മനോഹരങ്ങളായ 5 പാർക്കുകളാണ് കൊയിലാണ്ടി നഗരസഭ ഒരു വർഷത്തിനുള്ളിൽ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പണികഴിപ്പിച്ചിട്ടുള്ളത്. നഗരസഭയുടേയോ സർക്കാരിന്റയോ ഫണ്ടുകളി ല്ലാതെ 5 പാർക്കുകളും കൊയിലാണ്ടിയിലെ വിവിധ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പണികഴിപ്പിച്ചിട്ടുള്ളത്.

പഴയ ബസ്റ്റാൻഡിന് മുൻവശത്തായി ഹൈവേയോട് ചേർന്ന “ഹാപ്പിനസ് പാർക്ക് “, കൊടുക്കാട്ടുമുറി പുഴയോരത്ത് നിർമ്മിച്ച “ജൈവവൈവിധ്യ പാർക്ക് “,സിവിൽ സ്റ്റേഷന് സമീപത്ത് നിർമ്മിച്ച “സ്നേഹാരാമം”,ബസ്റ്റാൻഡ് പരിസരത്ത് യുഎ കാദറിൻറെ പേരിലുള്ള “യു എ സാംസ്കാരിക പാർക്ക്”, ബസ് സ്റ്റാൻഡിന്റെ തെക്കുഭാഗത്തായി നിർമ്മിച്ച “സായാഹ്ന പാർക്ക് ” എന്നിവയാണ് നഗരത്തിലെ പാർക്കുകൾ.

എല്ലാ പാർക്കുകളിലും ചെടികൾ നട്ട് മനോഹരമാക്കുകയും, വൈദ്യുത വിളക്കുകളാൽ ദീപാലങ്കൃതമാക്കുകയും, ആളുകൾക്ക് ഇരിക്കുന്നതിന് ഇരിപ്പിടങ്ങളും, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എല്ലാം പാർക്കുകളിൽ ഒരുക്കിയിട്ടുണ്ട്. നിരവധി പേരാണ് വിവിധ പാർക്കുകളിൽ ഒഴിവ് സമയം ചെലവഴിക്കുന്നതിന് പാർക്കുകളിൽ എത്തുന്നത്. മാർച്ച് 24ന് തിരുവനന്തപുരം ടാഗോർ തീയറ്ററിൽ  മുഖ്യമന്ത്രി പിണറായി വിജയനാണ് പരിസ്ഥിതി സംഗമം ഉദ്ഘാടനം ചെയ്യുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe