പയ്യോളി: സമീപകാലത്ത് വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗവും വ്യാപനവും തടയുന്നതിന്റെ ഭാഗമായി പയ്യോളി നഗരസഭയിൽ പ്രവർത്തിച്ചുവരുന്ന സംയുക്ത തീരദേശ വികസന സമിതി കോഴിക്കോട് ജില്ലാ റൂറൽ എസ്.പി.യ്ക്ക് നിവേദനം സമർപ്പിച്ചു.
പയ്യോളി ബീച്ച് മുതൽ മിനി ഗോവ വരെയുള്ള നഗരസഭയുടെ തീരദേശ മേഖലയിൽ സന്ദർശകരിൽ ഒരു വിഭാഗം മയക്കുമരുന്ന് വിൽപനക്കാരും ഉപയോക്താക്കളും ആണെന്ന് സമിതി അംഗങ്ങൾ എസ്.പി.യെ ബോധിപ്പിച്ചു. കോവിഡ്ാനന്തര കാലഘട്ടത്തിൽ ലഹരി വസ്തുക്കൾക്കെതിരെ മനുഷ്യശൃംഖല സൃഷ്ടിച്ച് പ്രതിരോധം തീർത്തതും സമിതി അംഗങ്ങൾ ഓർമ്മപ്പെടുത്തി.
ശക്തമായ പോലീസ് പെട്രോളിങ് ഏർപ്പെടുത്തി മയക്കുമരുന്ന് വ്യാപനം തടയാൻ സത്വര നടപടി കൈക്കൊള്ളണമെന്ന് സമിതി നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
തീരദേശ വികസന സമിതിയുടെ പ്രതിനിധികൾ കെ.ടി. കേളപ്പൻ, കെ.ടി. രാജീവൻ, രാജൻ കൊളാവിപ്പാലം, വി. ഗോപാലൻ, കെ.എൻ. രത്നാകരൻ, പി.ടി.വി. രാജീവൻ എന്നിവർ ചേർന്നാണ് എസ്.പി.യ്ക്ക് നിവേദനം സമർപ്പിച്ചത്.