വടകര: വടകര റെയിൽവെ സ്റ്റേഷൻ പരിസരത്തുനിന്ന് വിദ്യാർഥികൾ മോഷ്ടിച്ച എട്ട് ബൈക്കുകൾ പൊലീസ് കണ്ടെടുത്തു. രണ്ട് വിദ്യാർഥികളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച വടകര ടൗണിനോട് ചേർന്ന പഴങ്കാവിൽനിന്നും എടച്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നുമായി ഓരോ ബൈക്കുകൾ കൂടി കണ്ടെടുത്തതോടെയാണ് മോഷണം പോയ ബൈക്കുകളുടെ എണ്ണം എട്ടായത്.
വ്യാഴാഴ്ച വടകരയുടെ വിവിധ ഭാഗങ്ങളിൽനിന്ന് കുട്ടികൾ മോഷ്ടിച്ച് ഉപേക്ഷിച്ച ആറു ബൈക്കുകൾ കണ്ടെടുത്തിരുന്നു. സംഭവത്തിൽ അഞ്ച് വിദ്യാർഥികളെയും പിടികൂടിയിരുന്നു. വടകരയിലെ വിവിധ സ്കൂളുകളിൽ ഒമ്പത്, 10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികളാണ് കഴിഞ്ഞ ദിവസം ബൈക്ക് മോഷ്ടിച്ച കേസിൽ പിടിയിലായത്.
ഇന്നലെ പിടിയിലായത് പ്ലസ് ടു വിദ്യാർഥികളാണ്. മോഷണം പോയ മുന്ന് ബൈക്കുകളുടെ വിവരം കൂടി പൊലീസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പിടിയിലായ കുട്ടികളെ പരീക്ഷ എഴുതാനായി രക്ഷിതാക്കൾക്കൊപ്പം വിട്ടിരുന്നു. പരീക്ഷകൾക്കുശേഷം ഇവരെ ജുവനൈൽ കോടതിയിൽ ഹാജരാക്കും.