കൊച്ചി: ഈ വേനലില്‍ സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സാധ്യതയേറിയ പശ്ചാത്തലത്തില്‍ ഇനിയുള്ള രണ്ടുമാസം കേരളത്തിന് നിര്‍ണായകം. രാത്രികാല വൈദ്യുതി ആവശ്യം ആറായിരം മെഗാവാട്ട് തൊടുമെന്നാണ് സൂചന. പ്രതിസന്ധിയൊഴിവാക്കാന്‍ പുറമേനിന്ന് വൈദ്യുതി കൂടുതല്‍ വാങ്ങേണ്ടി വരും. അത് വൈദ്യുതി ബോര്‍ഡിനും ഉപഭോക്താക്കള്‍ക്കും കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കും. എന്നാല്‍, ഡാമുകളില്‍ ശേഷിക്കുന്ന വെള്ളം കൃത്യമായി ഉപയോഗിച്ചാല്‍ വാങ്ങുന്ന വൈദ്യുതിയുടെ അളവ് കുറയ്ക്കാം. വൈദ്യുതി പ്രതിസന്ധിയുണ്ടായിട്ടും കഴിഞ്ഞവര്‍ഷം ഡാമുകളിലെ വെള്ളം പൂര്‍ണമായി ഉപയോഗിക്കാത്ത സ്ഥിതിയുണ്ടായിരുന്നു.
ദിവസ വൈദ്യുതി ഉപഭോഗം മാര്‍ച്ച് ആദ്യംതന്നെ 100 ദശലക്ഷം യൂണിറ്റ് കടന്നു. ഇത് 125 ദശലക്ഷം യൂണിറ്റ് വരെ ഉയര്‍ന്നേക്കും. 115.24 ദശലക്ഷം യൂണിറ്റാണ് ഇതുവരെയുള്ള റെക്കോഡ്. സമാനമായി പീക്ക് ഡിമാന്‍ഡ് കഴിഞ്ഞവര്‍ഷം മേയ് രണ്ടിന് 5,797 മെഗാവാട്ട് എത്തിയതാണ് വൈദ്യുതി ആവശ്യത്തിലെ റെക്കോഡ്.
രണ്ടുവര്‍ഷമായി ജനുവരി ഒന്നിന് ഉണ്ടാകുന്ന പീക്ക് ഡിമാന്റിന്റെ 40 ശതമാനം അധികമാണ് വേനലില്‍ വരുന്ന പീക്ക് ഡിമാന്‍ഡ്. ഈ വര്‍ഷം ജനുവരി ഒന്നിന് പീക്ക് ഡിമാന്‍ഡ് 4,266 മെഗാവാട്ടും പ്രതിദിന ഉപഭോഗം 83.7 ദശലക്ഷം യൂണിറ്റുമായിരുന്നു. അങ്ങനൈയങ്കില്‍ വേനലിന്റെ പാരമ്യത്തില്‍ ഇതിന്റെ 40 ശതമാനം വര്‍ധിച്ച് 5,972 മെഗാവാട്ടിലെത്തും.
ഡാമുകളില്‍ ഇപ്പോള്‍ സംഭരണത്തിന്റെ 53 ശതമാനം വെള്ളമാണ് ശേഷിക്കുന്നത്. ഈ വെള്ളം ഉപയോഗിച്ച് 2,271.33 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകും. എല്ലാവര്‍ഷവും മേയ് 31-ന് ഡാമുകളില്‍ 10 ശതമാനം വെള്ളം ബാക്കിനിര്‍ത്തണം എന്നാണ് കീഴ്വഴക്കം. മണ്‍സൂണ്‍ വൈകിയാലുള്ള കരുതലെന്ന നിലയ്ക്കാണിത്. ഇതനുസരിച്ച് ഡാമുകളുടെ ആകെ സംഭരണത്തിലൂടെ ഉത്പാദിപ്പിക്കാവുന്ന 4,140 ദശലക്ഷം യൂണിറ്റിന്റെ 10 ശതമാനമായ 414 ദശലക്ഷം യൂണിറ്റ് ഉത്പാദിപ്പിക്കാനുള്ള വെള്ളം മേയ് 31-ന് ഡാമുകളിലെല്ലാം കൂടിയുണ്ടാകണം
നിലവിലുള്ള 2,271.33 ദശലക്ഷം യൂണിറ്റില്‍, 414 ദശലക്ഷം യൂണിറ്റ് മാറ്റി നിര്‍ത്തിയാല്‍ 1,857.33 ദശലക്ഷം യൂണിറ്റ് മേയ് 31-ന് മുന്‍പായി ഉപയോഗിക്കാനാകും. ദിവസം 20 ദശലക്ഷം യൂണിറ്റ് ഉത്പാദിപ്പിക്കുകയാണെങ്കില്‍ മേയ് 31 വരെ ഉത്പാദിപ്പിക്കാനുള്ള വെള്ളമുണ്ടാകും. ഇത് പുറമേനിന്ന് വൈദ്യുതി വാങ്ങുന്നതിന്റെ ഭാരിച്ച ചെലവ് കുറയ്ക്കാന്‍ സഹായിക്കും.
കഴിഞ്ഞവര്‍ഷം മേയ് 31-ന് 1,182 ദശലക്ഷം യൂണിറ്റ് ഉത്പാദിപ്പിക്കാനുള്ള വെള്ളം ഡാമുകളില്‍ ശേഷിച്ചിരുന്നു. ഇതില്‍ 700 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം വൈദ്യുതി ഉത്പാദനത്തിന് ഉപയോഗിച്ചിരുന്നെങ്കില്‍ അത്രയും വൈദ്യുതി പുറമേനിന്ന് വാങ്ങുന്നത് ഒഴിവാക്കമായിരുന്നു. ഇത്രയും വൈദ്യുതിക്ക് യൂണിറ്റിന് എട്ട് രൂപ കണക്കാക്കിയാല്‍ 560 കോടി രൂപയുടെ അധികച്ചെലവ് ബോര്‍ഡിന് വന്നിട്ടുണ്ട്.