സുൽത്താൻ ബത്തേരി: കേരളത്തിലേക്ക് രാസസലഹരി എത്തിക്കുന്ന പ്രധാന കണ്ണികളിൽ ഒരാളായ ടാൻസാനിയ പൗരൻ പ്രിൻസ് സാംസൺ ഇന്ത്യയിലേക്ക് എത്തിയത് വിദ്യാർത്ഥിയായി. ബാംഗളൂരുവിലെ സർക്കാർ കോളേജിൽ ബിസിഎ പഠനത്തിനായി ചേർന്ന പ്രിൻസ് സാംസൺ ക്ലാസിൽ എത്തുന്നത് വല്ലപ്പോഴും മാത്രമാണ്. സെമസ്റ്റർ പരീക്ഷകളിൽ ഭൂരിഭാഗത്തിലും തോറ്റ 25-കാരൻ ലഹരി വിൽപ്പനയ്ക്കൊപ്പം ബംഗളുരുവിലും മറ്റുമായി ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു.
എന്നാൽ പ്രതിയുടെ പേരിൽ ഒരു അക്കൗണ്ട് പോലും ഉണ്ടായിരുന്നില്ല. മറ്റുള്ളവരുടെ പേരിൽ എടുത്ത അക്കൗണ്ടുകൾ വഴിയായിരുന്നു ലഹരി വിൽപ്പന വഴി ലഭിക്കുന്ന പണം പ്രിൻസ് സാംസൺ സ്വീകരിച്ചിരുന്നത്. ഇയാളിൽ നിന്ന് ലഭിച്ച 100 ഗ്രാം വെളുത്ത നിറത്തിലുള്ള പൊടി പൊലീസ് രാസ പരിശോധനക്ക് അയച്ചിരിക്കുകയാണ്. പരിശോധനയിൽ അഞ്ച് മൊബൈൽ ഫോണുകളും നിരവധി ലാപ്ടോപ്പുകളും ഡെബിറ്റ് കാർഡുകളും ഇയാളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. പ്രിൻസ് സാംസണിനെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച മറ്റു വിദേശ പൗരന്മാരുടെ വിവരങ്ങളിലും പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.