തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലക്കെത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് പ്രത്യേക ഗ്രൗണ്ടുകൾ സജ്ജമാക്കി തിരുവനന്തപുരം സിറ്റി പൊലീസ്. സ്കൂൾ കോമ്പൗണ്ടുകൾ ഉൾപ്പെടെ പാർക്കിങ്ങിന് ഉപയോഗിച്ചാണ് ക്രമീകരണം. സിറ്റി പൊലീസ് നൽകുന്ന ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ പാർക്കിങ്ങിനുള്ള സ്ഥലവും റൂട്ട് മാപ്പും ലഭിക്കും. സോഷ്യൽമീഡിയ വഴിയാണ് ക്യൂ ആർ കോഡ് വിവരങ്ങൾ നൽകുക.
ഐരാണിമുട്ടം ഹോമിയോ കോളജ്, ഐരാണിമുട്ടം റിസർച്ച് സെന്റർ, ഗവ. സ്കൂൾ കാലടി, വലിയപള്ളി പാർക്കിങ് ഏരിയ, ചിറപ്പാലം ഓപ്പൺ ഗ്രൗണ്ട്, മാഞ്ഞാലിക്കുളം സ്കൂൾ ഗ്രൗണ്ട്, നീറമൺകര എൻ.എസ്.എസ് കോളജ്, കൈമനം ബിഎസ്എൻഎൽ ക്വാർട്ടേഴ്സ്, നേമം ദർശന ഓഡിറ്റോറിയം, നേമം ശ്രീരാഗ് ഓഡിറ്റോറിയം ഗ്രൗണ്ട്, നേമം വിക്ടറി സ്കൂൾ ഗ്രൗണ്ട്, പുന്നമൂട് ഗവ. ഹൈസ്കൂൾ, പാപ്പനംകോട് എസ്റ്റേറ്റ്, തിരുവല്ലം ബി.എൻ.വി സ്കൂൾ, തിരുവല്ലം ബൈപ്പാസ് റോഡ് ഒന്ന്, തിരുവല്ലം ബൈപ്പാസ് റോഡ് രണ്ട്, കോവളം കല്ലുവെട്ടാൻകുഴി എസ്.എഫ്.എസ് സ്കൂൾ, കോവളം മായകുന്ന്, വെങ്ങാനൂർ വി.പി.എസ് ക്രിക്കറ്റ് ഗ്രൗണ്ട്, കോട്ടപ്പുറം സെന്റ് മേരീസ് സ്കൂൾ, പൂജപ്പുര ഗ്രൗണ്ട്, പൂജപ്പുര എൽ.ബി.എസ് ഗ്രൗണ്ട്, പാപ്പനംകോട് എഞ്ചിനീയറിങ് കോളജ്, തൈക്കാട് സംഗീത കോളജ്, വഴുതക്കാട് പി.റ്റി.സി ഗ്രൗണ്ട്, കേരള യൂനിവേഴ്സിറ്റി ഓഫീസ്, ടാഗോർ തിയേറ്റർ, വഴുതക്കാട് വിമൻസ് കോളജ്, കവടിയാർ സാൽവേഷൻ ആർമി സ്കൂൾ, വെള്ളയമ്പലം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയം കോമ്പൗണ്ട്, വെള്ളയമ്പലം വാട്ടർ അതോറിറ്റി കോമ്പൗണ്ട്, ജനറൽ ഹോസ്പിറ്റൽ സെന്റ് ജോസഫ് സ്കൂൾ ഗ്രൗണ്ട്, ആനയറ വേൾഡ് മാർക്കറ്റ് എന്നിങ്ങനെ 32 സ്ഥലങ്ങളിലാണ് മാർച്ച് 12, 13 തിയതികളിലായി പാർക്കിങ് സൗകര്യം ഒരുക്കിയിരിക്കുന്നത്.
25 കിലോ പ്ലാസ്റ്റിക് -നിരോധിത ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു
പൊങ്കാലയുടെ ഭാഗമായി ഹരിതചട്ടം കര്‍ശനമാക്കി. ഇതിന്റെ ഭാഗമായി ക്ഷേത്രവളപ്പിലെ താത്കാലിക സ്റ്റാളുകളിലും ഉത്സവ മേഖലകളിലെ വ്യാപാര സ്ഥാപനങ്ങളിലും ജില്ല എന്‍ഫോഴ്സ്മെന്റ് സ്ക്വാഡും കോര്‍പറേഷനും സംയുക്തമായി നടത്തിയ പരിശോധനയില്‍ 25 കിലോയോളം പ്ലാസ്റ്റിക്, നിരോധിത ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി.
ജില്ല ശുചിത്വമിഷന് ടീം, ജില്ല ജോയിന്റ് ഡയറക്ടറുടെ കാര്യാലയം, കോര്പറേഷന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്. കോര്പറേഷന് പരിധിയിലെ ഹോട്ടലുകളും മറ്റു വ്യാപാര സ്ഥാപനങ്ങളും പരിശോധിക്കാന്‍ പ്രത്യേക സ്ക്വാഡിന് രൂപം നല്കി. സര്‍ക്കാര്‍ ഓഫീസുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവ പരിശോധിച്ച് സ്പോര്‍ട്ട് ഫൈന്‍ ഈടാക്കുകയും ചട്ടലംഘനത്തിന് നോട്ടീസ് നല്‍കുകയും ചെയ്തു.
അധിക സർവിസുകളും ബജറ്റ് ടൂറിസവും ഒരുക്കി കെ.എസ്.ആർ.ടി.സി
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് കെ.എസ്.ആർടിസി അധിക സർവീസുകളും ബജറ്റ് ടൂറിസവും ഒരുക്കും. കിഴക്കേകോട്ടയിൽ നിന്ന് 20 ബസുകൾ ചെയിൻ സർവിസ് നടത്തും.ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 4000 സ്ത്രീകളെ ആറ്റുകാൽ ക്ഷേത്രത്തിൽ എത്തിക്കും. ഇവർക്ക് ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കും.
കെ.എസ്.ആര്.ടി.സിയുടെ തിരുവനന്തപുരം സെന്‍ട്രല്‍, തിരുവനന്തപുരം സിറ്റി, പാപ്പനംകോട്, വികാസ് ഭവന്, വെള്ളനാട്, പേരൂര്‍ക്കട എന്നീ യൂണിറ്റുകളില്‍ നിന്നും മാര്‍ച്ച് 14വരെ തീര്‍ത്ഥാടകരുടെ തിരക്കനുസരിച്ച് ‘ആറ്റുകാല്‍ ക്ഷേത്രം സ്പെഷ്യല്‍ സര്‍വ്വീസ്’ ബോര്‍ഡ് വെച്ച് കൂടുതല്‍ സര്‍വിസുകള്‍ നടത്തും.
മാർച്ച് 5 മുതൽ ഈ യൂനിറ്റുകളിൽ നിന്നുള്ള സർവിസ് ആരംഭിച്ചു. തിരുവനന്തപുരം റവന്യൂ ജില്ലയുടെ ഇതര യൂണിറ്റുകളില്‍ നിന്നും കൊല്ലം, കൊട്ടാരക്കര, പുനലൂര്‍, പത്തനംതിട്ട യൂനിറ്റുകളില്‍ നിന്നും മാര്‍ച്ച് 12ന് ശേഷം ആരംഭിച്ച് 13 വരെയോ തീര്‍ത്ഥാടകരുടെ തിരക്ക് തീരുന്നതുവരെയോ തിരുവനന്തപുരത്തേക്ക് അധിക സര്‍വിസുകള്‍ നടത്തും.