രാജ്യത്തെ ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാർഗങ്ങളിൽ ഒന്നാണ് പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകൾ. കേന്ദ്ര സർക്കാറിൻ്റെ പിന്തുണയുള്ളതാണഅ ഇതിൻ്റെ കാരണം. 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം ചില പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകൾക്ക് നികുതി ആനുകൂല്യങ്ങൾ ലഭിക്കും. ഇത് നിക്ഷേപകർക്ക് ഒരു സാമ്പത്തിക വർഷത്തിൽ 1.5 ലക്ഷം രൂപ വരെ കിഴിവുകൾ ലഭിക്കാൻ കാരണമാകും. ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം താഴെ പറയുന്ന പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകൾ നികുതി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു:
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്)
നികുതി ഇളവ് ലഭിക്കുന്നതിനുള്ള നിക്ഷേപമായാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് കണക്കാക്കപ്പെടുന്നത്. 1968-ലാണ് ഇത് ആരംഭിച്ചത്. ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് പ്രിയപ്പെട്ട ദീർഘകാല സമ്പാദ്യ മാർഗമാണ് പിപിഎഫ്. ആകർഷകമായ പലിശ നിരക്കും പിപിഎഫിനെ പ്രിയപ്പെട്ടതാക്കുന്നു. സാമ്പത്തിക വർഷം 500 രൂപ നിക്ഷേപിച്ചുകൊണ്ട് പി പി എഫ് പദ്ധതിയിൽ അംഗമാകാം. പരമാവധി പരിധി 1.5 ലക്ഷം രൂപയാണ് അടക്കേണ്ടത്. പി പിഎഫിന്റെ നിലവിലെ പലിശ നിരക്ക് 7.1 ശതമാനമാണ്. 15 വർഷമാണ് ഒരു പി പി എഫ് അക്കൗണ്ടിന്റെ മെച്യുരിറ്റി കാലാവധി.
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം
സുരക്ഷിതവരുമാനം ലഭ്യമാക്കുന്ന മുതിർന്ന പൗരൻമാർക്കായുള്ള ജനപ്രിയ സ്കീം ആണിത്. നിലവിൽ 8.2 ശതമാനമാണ് പലിശ .30 ലക്ഷം രൂപ വരെ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ നിക്ഷേപിക്കാം. 60 വയ്സ്സ് കഴിഞ്ഞ ഒരു മുതിർന്ന പൗരന് ഒരു ബാങ്കിലോ പോസ്റ്റ് ഓഫീസിലോ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ അക്കൗണ്ട് ഓപ്പൺ ചെയ്യാം.
സുകന്യ സമൃദ്ധി യോജന
പത്ത് വയസ്സിൽ താഴെയുള്ള പെൺകുട്ടികൾക്ക് മാത്രമായുള്ള സ്കീം ആണിത്. സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയും പദ്ധതിയില്‍ നിക്ഷേപിക്കാം. സുകന്യ സമൃദ്ധി യോജന അക്കൗണ്ടിന് 8 ശതമാനമാണ് പലിശ നിരക്ക്.
നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്
അഞ്ച് വർഷത്തെ ലോക്ഇൻ പിരീഡുള്ള സ്ഥിരനിക്ഷേപപദ്ധതിയാണ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്. കുറഞ്ഞത് 1,000 രൂപ നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റില്‍ നിക്ഷേപിക്കണം. 7.7 ശതമാനമാണ് നിലവിലെ പലിശ.