തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പൊലീസിന്റെ നിർണായക നീക്കം. അഫാൻ ഇളയ മകനെ ആക്രമിച്ച വിവരം ആശുപത്രിയിൽ കഴിയുന്ന ഉമ്മ ഷെമിനയെ അറിയിച്ചു. സൈക്യാട്രി ഡോക്ടർമാരുടെസാന്നിദ്ധ്യത്തിൽ പിതാവ് അബ്ദുൾ റഹീമും ബന്ധുക്കളുമാണ് വിവരം ഷെമിനയെ അറിയിച്ചത്. ഉമ്മയെയും ഇളയ മകൻ അഫ്സാനെയും അഫാൻ ആക്രമിച്ചുവെന്ന കാര്യം മാത്രമാണ് പറഞ്ഞത്. ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം, ഇളയ മകൻ അഫസാൻ ഐസിയുവിലാണെന്ന് മാത്രമാണ് പറഞ്ഞത്. മരിച്ച കാര്യം പറഞ്ഞില്ല. ഇത് കേട്ടത്തോടെ ഷെമിനക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. ഉടൻ ഐസിയുവിൽ പ്രവേശിപ്പിച്ചു.
വെഞ്ഞറമൂട് കൂട്ടകൊല കേസിലെ പ്രതി അഫാനെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ നെടുമങ്ങാട് കോടതിയാണ് അഫാനെ പാങ്ങോട് പൊലീസിന് കൈമാറിയത്. ഇന്ന് പൊലീസ് സ്റ്റേഷനിൽ വിശദമായി ചോദ്യം ചെയ്ത ശേഷം നാളെ തെളിവെടുപ്പിന് കൊണ്ടുപോകും.ഇതിന് ശേഷം വെഞ്ഞാറമൂട് പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിൽ കസ്റ്റഡിയിൽ വാങ്ങും. എല്ലാ കൊലക്കേസുകളിലും അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തിക്കഴിഞ്ഞു.