പാനൂർ: പാട്യം, മൊകേരി പഞ്ചായത്തുകളിലും, പാനൂർ നഗരസഭയിലും കാട്ടുപന്നിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ സാഹചര്യത്തിൽ ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ പ്രത്യേക ഡ്രൈവ് നടത്തുമെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. ഇതിനായി ടാസ്ക് ഫോഴ്സിന് രൂപം നൽകും. കാട്ടുപന്നിയുടെ കുത്തേറ്റു കർഷകൻ മരിച്ച സാഹചര്യത്തിൽ മൊകേരി പഞ്ചായത്ത് ഹാളിൽ നടന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഇത്തരം കാര്യങ്ങളിൽ രാഷ്ട്രീയ നിലപാടുകൾ എടുക്കാതെ ക്രിയാത്മകമായ പരിഹാരത്തിനുള്ള നിർദേശങ്ങളുമായി എല്ലാവരും മുന്നോട്ടുവരണമെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ കെപി മോഹനൻ എംഎൽഎ അധ്യക്ഷനായി. ജന പ്രതിനിധികൾ ഉൾപ്പെടെയുള്ള ടാസ്ക് ഫോഴ്സ് രൂപീകരിക്കാനും, പ്രതിരോധ പ്രവർത്തനങ്ങൾക്കായിതോക്കുള്ള ജവാൻമാരുടെ സേവനം ഉപയോഗപ്പെടുത്താനും തീരുമാനമായി.