ഓട്ടോറിക്ഷകളിൽ ‘ മീറ്റര്‍ ഇട്ടില്ലെങ്കില്‍ പണമില്ല ‘, സ്റ്റിക്കറില്ലെങ്കിൽ ഫിറ്റ്​നസില്ല

news image
Mar 5, 2025, 6:07 am GMT+0000 payyolionline.in

ഓട്ടോയില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ ‘മീറ്റര്‍ ഇട്ടില്ലെങ്കില്‍ യാത്ര സൗജന്യം’ എന്ന സ്റ്റിക്കര്‍ പതിക്കാത്ത ഓട്ടോറിക്ഷകളുടെ ഫിറ്റ്നസ് ‘കീറി’ മോട്ടോര്‍ വാഹന വകുപ്പ്. ഫിറ്റ്നസ് പരിശോധനയ്ക്ക് വരുന്ന ഓട്ടോറിക്ഷകളില്‍ സ്റ്റിക്കറില്ലെങ്കില്‍ വാഹനങ്ങളെ മടക്കി അയക്കാന്‍ എറണാകുളം ആര്‍.ടി.ഒ. കെ. മനോജ് നിര്‍ദേശിച്ചു. ഇതുമൂലം കഴിഞ്ഞ ദിവസങ്ങളില്‍ ഫിറ്റ്നസ് ‘പരീക്ഷ’യില്‍ സ്റ്റിക്കറില്ലാതെ ഹാജരാക്കിയ ഓട്ടോകളെ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ പരാജയപ്പെടുത്തി.

മാര്‍ച്ച് ഒന്നു മുതലാണ് ‘മീറ്റര്‍ ഇട്ടില്ലെങ്കില്‍ യാത്ര സൗജന്യം’ എന്ന സ്റ്റിക്കര്‍ നിര്‍ബന്ധമാക്കി ഉത്തരവ് ഇറക്കിയത്. എന്നാല്‍, സ്റ്റിക്കര്‍ മിക്ക ഓട്ടോകളിലും പതിച്ചുതുടങ്ങിയില്ല. നിര്‍ദേശത്തിനെതിരേ ഓട്ടോ തൊഴിലാളികള്‍ക്കിടയില്‍ പ്രതിഷേധം വ്യാപകമാണ്. സമരം ശക്തമാക്കുമെന്നാണ് വിവിധ സംഘടനകള്‍ പറയുന്നത്. ജില്ലയില്‍ ഒരു വിഭാഗം ഓട്ടോറിക്ഷകള്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെയാണ് ഓടുന്നത്. അതിനാല്‍ യാത്രക്കാരില്‍നിന്ന് അമിത നിരക്ക് ഈടാക്കുന്നു എന്ന പരാതികളും വ്യാപകമാണ്.

ഫെയര്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുകയോ പ്രവര്‍ത്തനരഹിതമായിരിക്കുകയോ ചെയ്താല്‍ ‘യാത്ര സൗജന്യം’ എന്ന് മലയാളത്തിലും ഇംഗ്ലീഷിലും രേഖപ്പെടുത്തി പ്രിന്റ് ചെയ്ത സ്റ്റിക്കര്‍ ഡ്രൈവര്‍ സീറ്റിനു പുറകിലായോ യാത്രക്കാര്‍ക്ക് അഭിമുഖമായോ പതിച്ചിരിക്കണമെന്നാണ് നിര്‍ദേശം. ഉത്തരവ് ഒരു മാസം മുന്‍പ് ഇറങ്ങിയിരുന്നെങ്കിലും തയ്യാറെടുപ്പിന് ഒരു മാസത്തെ സമയം വേണമെന്ന ഓട്ടോറിക്ഷാ തൊഴിലാളികളുടെയും വകുപ്പ് ഉദ്യോഗസ്ഥരുടെയും നിര്‍ദേശം പരിഗണിച്ചാണ് മാര്‍ച്ചില്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്. സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗത്തിലാണ് സ്റ്റിക്കര്‍ പതിപ്പിക്കാനുള്ള തീരുമാനമുണ്ടായത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe