തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാനെ പൂജപ്പുര ജയിലിലേക്ക് മാറ്റി. ജയിലേക്ക് മാറ്റിയ ശേഷം അഫാനെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് അപേക്ഷ നൽകും. ഓരോ കേസുകളും പ്രത്യേകമായാണ് പരിഗണിച്ചിട്ടുളളത്. ഇവയിൽ എല്ലാം തെളിവെടുപ്പും മൊഴിയും ആവശ്യമാവും. കൊലപാതകങ്ങൾക്ക് പിന്നാലെ എലി വിഷം കഴിച്ച് ആത്മഹത്യചെയ്യാൻ ശ്രമിച്ച അഫാൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആരോഗ്യ പ്രശ്നങ്ങളില്ലെന്ന ജനറൽ മെഡിസിൻ ഡോക്ടറുടെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് ഇയാളെ ജയിലിലേക്ക് മാറ്റിയത്.
പിതൃമാതാവ് സൽമാബിവിയെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലാണ് അഫാൻ. നിലവിൽ മൂന്ന് കൊല കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പിതൃമാതാവ് സൽമാബിവി, സുഹൃത്ത് ഫർസാന, സഹോദരൻ അഫ്സാൻ എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കസ്റ്റഡിയിൽ വാങ്ങിയ ശേഷം മറ്റ് കേസുകളിൽക്കൂടി അറസ്റ്റ് രേഖപ്പെടുത്തും. അഫാനെ സംഭവസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുക്കും.
അഫാന്റെ ഫോൺ പൊലീസ് പരിശോധിച്ചു. ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നു. കൃത്യത്തിന് മുമ്പുള്ള ദിവസങ്ങളിൽ കൊലപാതകം നടത്തുന്ന രീതികളെക്കുറിച്ചും ആയുധങ്ങൾ ഉപയോഗിക്കുന്നത് സംബന്ധിച്ച യൂട്യൂബ് വീഡിയോകൾ അഫാൻ കണ്ടിരുന്നതായി റിപ്പോർട്ടുണ്ട്. ഫെബ്രുവരി 14നാണ് വെഞ്ഞാറമൂട്ടിൽ സഹോദരനടക്കം അഞ്ചുപേരെ വെട്ടിക്കൊന്ന് അഫാൻ പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങിയത്.അഫാൻ മൂന്നു സ്ഥലങ്ങളിലായാണ് കൊലപാതകം നടത്തിയത്. തിങ്കൾ പകലാണ് തലസ്ഥാനത്തെ നടുക്കിയ കൂട്ടക്കൊല നടന്നത്. അഫാന്റെ സഹോദരൻ അഫ്‌സാൻ (13), ബാപ്പയുടെ സഹോദരൻ പുല്ലമ്പാറ എസ്‌എൻ പുരം ആലമുക്കിൽ ലത്തീഫ് (69), ഭാര്യ സജിതാ ബീവി(59), ബാപ്പയുടെ ഉമ്മ സൽമാബീവി (92), അഫാന്റെ സുഹൃത്ത് വെഞ്ഞാറമൂട് മുക്കുന്നൂർ സ്വദേശി ഫർസാന (19) എന്നിവരാണ് കൊല്ലപ്പെട്ടത്. അഫാന്റെ ഉമ്മ ഷെമിക്കും (40) വെട്ടേറ്റു. ഷെമി തിരുവനന്തപുരം ഗോകുലം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.