കോയമ്പത്തൂർ ∙ ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ സ്വയം വെടിവച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മരിച്ച കൃഷ്ണകുമാറും സംഗീതയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നെന്നും സംഗീതയ്ക്കു മറ്റൊരു ബന്ധമുണ്ടായിരുന്നെന്ന സംശയത്തിലായിരുന്നു ഇതെന്നുമാണ് സൂചന. കോയമ്പത്തൂർ പട്ടണംപുതൂരിൽ സുലൂരിനടുത്തുള്ള വീട്ടിലാണ് സംഗീതയെ ഇന്നു രാവിലെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. സംഗീതയെ പുലർച്ചെ കൊലപ്പെടുത്തിയ ശേഷമാണ് പാലക്കാട്ട് മംഗലംഡാമിന് സമീപം വണ്ടാഴിയിലെ വീട്ടിലെത്തി കൃഷ്ണകുമാർ സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തത്.
വണ്ടാഴിയിലെ വീടിനു സമീപം കാട്ടുപന്നികളുടെ ശല്യമുള്ളതിനാൽ കൃഷ്ണകുമാർ എയർഗൺ വാങ്ങി സൂക്ഷിച്ചിരുന്നു. പിതാവ് സുന്ദരത്തിന്റെ പേരിലായിരുന്നു ഇതിന്റെ ലൈസൻസ്. ഈ എയർഗൺ ആണ് സംഗീതയെ കൊലപ്പെടുത്താനും സ്വയം വെടിവച്ചു മരിക്കാനും കൃഷ്ണകുമാർ ഉപയോഗിച്ചത്. സംഗീതയും കൃഷ്ണകുമാറും രണ്ടു പെൺമക്കളും കോയമ്പത്തൂരിൽ സുലൂരിലാണ് താമസിച്ചിരുന്നത്. പിതാവ് രോഗബാധിതനായതോടെ കൃഷ്ണകുമാർ താമസം വണ്ടാഴിയിലേക്കു മാറ്റുകയായിരുന്നു. സംഗീത സുലൂരിലെ സ്വകാര്യ സ്കൂളിൽ ജീവനക്കാരിയാണ്. രണ്ട് പെൺമക്കളും കോയമ്പത്തൂരാണ് പഠിക്കുന്നത്.