തിരുവനന്തപുരം :വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് റഹീം ചികിത്സയിൽ കഴിയുന്ന ഭാര്യ ഷെമീനയെ സന്ദർശിച്ചു. കട്ടിലിൽ നിന്ന് വീണതാണെന്ന് ഷെമീന റഹീമിനോട് പറഞ്ഞത്. അഫാൻ്റെ അക്രമ വിവരം പറഞ്ഞില്ല. മരണ വാർത്തകൾ അറിയിച്ചിട്ടില്ലെന്നും റഹീം ഷെമിയെ കണ്ട ശേഷം ആശുപത്രിയിൽ നിന്ന് ഇറങ്ങിയെന്നും റഹീമിന്റെ സുഹൃത്ത് അബ്ദുൽ പറഞ്ഞു.
ഇളയമകൻ അഫ്സാനെ കാണണമെന്ന് ഷെമീന ആവശ്യപ്പെട്ടു. സഹോദരന്റെ വീട്ടിലുണ്ടെന്നാണ് പറഞ്ഞത്. അഫാനെയും അന്വേഷിച്ചു. ആശുപത്രിയിലെത്തിയ റഹീമിനെ ഷെമി തിരിച്ചറിഞ്ഞെന്ന് സുഹൃത്ത് അബ്ദുൽ പറഞ്ഞു.
അഫാന്റെ പിതാവ് അബ്ദുൽ റഹീം ഇന്ന് രാവിലെയാണ് ദമാമിൽ നിന്ന് നാട്ടിലെത്തിയത്. സാമൂഹ്യപ്രവർത്തകരുടെ ഇടപെടലിന് പിന്നാലെയാണ് പിതാവിന് നാട്ടിലേക്കെത്താനുള്ള വഴിയൊരുങ്ങിയത്.
കൊലപാതക പരമ്പരയിൽ പ്രതി അഫാന്റേയും കുടുംബത്തിന്റെയും സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പിതൃമാതാവ് സൽമാ ബീവിയെ കൊലപ്പെടുത്തിയ കേസിലാണ് നിലവിൽ അഫാനെ അറസ്റ്റ് ചെയ്തിട്ടുള്ളത്.മറ്റ് കൊലപാതകങ്ങളിൽ കൂടി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തും. അഫാന്റെ മാതാവ് ഷെമിയുടെ മൊഴിയെടുക്കാൻ പൊലീസ് ഇന്നലെ ശ്രമിച്ചെങ്കിലും സംസാരിക്കാൻ ബുദ്ധിമുട്ടായതിനാൽ നടന്നില്ല. കൊലപാതകങ്ങൾ നടന്ന ദിവസം അഫാൻ പണം നൽകിയത് ആർക്കെന്നും പൊലീസ് അന്വേഷിച്ച് വരികയാണ്.