വരുന്ന ഏപ്രിൽ ഒന്നാം തീയതി മുതൽ 30 ശതമാനം റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് ബോട്ടിലുകൾ നിർബന്ധമാക്കിയ കേന്ദ്രസർക്കാറിന്റെ ഉത്തരവിനെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങി വൻകിട പാനീയ കമ്പനികൾ. കൊക്കക്കോള, പെപ്സി, എന്നിവ ഉൾപ്പെടെയുള്ള പാനീയ നിർമ്മാതാക്കളാണ് സർക്കാരിന്റെ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. റീസൈക്കിൾ ചെയ്ത ബോട്ടിലുകളുടെ ലഭ്യത സംബന്ധിച്ചുള്ള ആശങ്കകളാണ് കോടതി കയറാൻ കമ്പനികളെ പ്രേരിപ്പിച്ചത്. ഉൽപ്പന്നങ്ങൾക്ക് ഉയർന്ന ഡിമാൻഡ് നിൽക്കുന്ന വേനൽക്കാലത്ത് ഇത്തരം നിയമങ്ങൾ കൊണ്ടുവരുന്നത് വില്പനയെ ബാധിക്കും എന്ന ആശങ്കയാണ് കമ്പനികൾക്കുള്ളത്.
എന്താണ് കേന്ദ്രത്തിന്റെ ഉത്തരവ്
പെറ്റ് ബോട്ടിലുകൾക്ക് പകരം 30% റീസൈക്കിൾഡ് പെറ്റ് ബോട്ടിലുകൾ ഉപയോഗിക്കണം എന്നാണ് കേന്ദ്രത്തിന്റെ ഉത്തരവ്.പരിസ്ഥിതി വനം കാലാവസ്ഥ വ്യതിയാന മന്ത്രാലയം ഇന്ത്യയുടെ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് നിയമങ്ങളുടെ ഭാഗമായി രണ്ടുവർഷം മുമ്പാണ് ഈ നിർദ്ദേശം മുന്നോട്ടുവച്ചത്. പലതവണ സമയപരിധി നീട്ടിയിട്ടും കമ്പനികൾ ഇത് പാലിക്കാൻ തയ്യാറായിരുന്നില്ല.
പെറ്റ് ബോട്ടിലുകൾ അഥവാ പൊളിയെഥിലീൻ ടെറഫ്താലെറ്റിന് പകരം റീസൈക്കിൾഡ് പൊളിയെഥിലീൻ ടെറഫ്താലെറ്റ് ബോട്ടിലുകളുടെ ഉപയോഗം 30% ആക്കി കൂട്ടണമെന്നാണ് കേന്ദ്രസർക്കാറിന്റെ ഉത്തരവ്. പാക്കേജിങ്ങിലും തുണിത്തരങ്ങളിലും വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും ഇവയുടെ പാരിസ്ഥിതി ആഘാതത്തിലും ഉത്പാദനപ്രക്രിയയിലും വ്യത്യാസമുണ്ട്.
പാനീയങ്ങളുടെ കുപ്പികൾ, ഭക്ഷണപാത്രങ്ങൾ എന്നിവയിൽ സാധാരണയായി കാണപ്പെടുന്ന ഭാരം കുറഞ്ഞതും എന്നാൽ കട്ടിയുള്ളതുമായ പ്ലാസ്റ്റിക് ആണ് പെറ്റ്. ഇതിന്റെ ഉറപ്പും പുനരുപയോഗ ക്ഷമതയും പെറ്റ് ബോട്ടിലുകളെ ജനപ്രിയമാക്കി. പക്ഷേ ഇത് പ്രാഥമികമായി പെട്രോളിയം, പ്രകൃതി വാതകം തുടങ്ങിയ ഫോസിൽ ഇന്ധനങ്ങളിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിന്റെ പരിസ്ഥിതിക ആഘാതം തീവ്രമാണ്.
എന്നാൽ ഇത്തരം പെറ്റ് പ്ലാസ്റ്റിക്കുകളെ റീസൈക്കിൾ ചെയ്ത് ഉപയോഗിക്കുന്നവയാണ് റീസൈക്കിൾഡ് പെറ്റ് ബോട്ടിലുകൾ. ഉപയോഗിച്ചതിനുശേഷം ഒഴിവാക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ പോലെയുള്ള പെറ്റ് മാലിന്യങ്ങൾ ശേഖരിച്ച് വൃത്തിയാക്കി സംസ്കരിച്ചാണ് റീസൈക്കിൾഡ് പെറ്റ് ബോട്ടിലുകൾ നിർമ്മിക്കുന്നത്. പാരിസ്ഥിതിക ആഘാതം കുറവായതുകൊണ്ടാണ് ഇതിന്റെ ഉപയോഗം കൂട്ടാൻ കേന്ദ്രസർക്കാർ പ്രോത്സാഹിപ്പിക്കുന്നത്. ഏപ്രിൽ ഒന്നു മുതൽ 30 ശതമാനം റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക്കുകൾ ഉപയോഗിക്കണമെന്നും പിന്നീട് ഓരോ വർഷം കൂടുന്തോറും 10% വീതം ഉപയോഗം കൂട്ടണമെന്നുമാണ് നിർദ്ദേശം. 2028 – 29 ആകുമ്പോഴേക്കും ഇവയുടെ ഉപയോഗം 60 ശതമാനത്തിൽ എത്തിക്കണമെന്നാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം.
റീസൈക്കിൾ ചെയ്ത പെറ്റ് ബോട്ടിലുകളുടെ ലഭ്യത വളരെ കുറവാണെന്നും അതുകൊണ്ടുതന്നെ 30% പരിധി വളരെ കർക്കശമാണെന്നുമാണ് കൊക്കക്കോള, പെപ്സി പോലെയുള്ള പാനീയ കമ്പനികളുടെ പരാതി. തുടർച്ചയായി നിക്ഷേപം നടത്തിയാലും റീസൈക്ലിങ് ശേഷി വികസിപ്പിക്കുന്നതിന് രണ്ട് മുതൽ മൂന്നു വർഷം വരെ എടുക്കും എന്നാണ് കമ്പനികൾ പറയുന്നത്. കൂടാതെ ഇത് ബോട്ടിലിംഗ് ചെലവ് ഏകദേശം 30% വർദ്ധിപ്പിക്കാൻ ഇടയാക്കും എന്നും ഈ വ്യവസായ മേഖലയിൽ ഉള്ളവർ പറയുന്നു. വലിയ കമ്പനികൾക്ക് സാധിക്കുമെങ്കിലും ചെറുകിട കമ്പനികൾക്കായിരിക്കും ഈ നിയന്ത്രണം ഏറ്റവും കൂടുതൽ തിരിച്ചടിയാവുക എന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.