നഴ്‌സിങ് അഡ്മിഷന്‍ വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് പണം തട്ടി; വയനാട് സ്വദേശി പിടിയിൽ

news image
Feb 24, 2025, 3:46 pm GMT+0000 payyolionline.in

ആലപ്പുഴ: നഴ്‌സിങ് അഡ്മിഷന്‍ വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍. വയനാട് മീനങ്ങാടി സ്വദേശി സാദിഖ് (29) ആണ് പിടിയിലായത്. എറണാകുളം പനങ്ങാട് വെച്ചാണ് ചേർത്തല പൊലീസ പ്രതിയെ അറസ്റ്റ് ചെയ്തത്. മകന് ബാംഗ്ലൂർ നഴ്‌സിങ് കോളേജിൽ അഡ്മിഷൻ വാങ്ങിക്കൊടുക്കാം എന്ന് പറഞ്ഞ് ചേർത്തല സ്വദേശിയിൽ നിന്നുമാണ് ഇയാള്‍ പണം തട്ടിയത്.

2022 ലാണ് സാദിഖ് നഴ്സിങ്ങ് കോളേജില്‍ അഡ്മിഷന്‍ വാഗ്ദാനം ചെയ്ത് പണം തട്ടിയത്. ബാങ്ക് അക്കൗണ്ട് വഴിയാണ് ഇയാള്‍ പണം സ്വീകരിച്ചത്. എന്നാല്‍ തട്ടിപ്പ് മനസിലായതോടെ പറ്റിക്കപ്പെട്ടവര്‍ പലതവണ പണം തിരികെ ആവശ്യപ്പെട്ടു. എന്നാല്‍ സാദിഖ് പണം തിരികെ നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ചേർത്തല പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

കേസ് രജിസ്ട്രർ ചെയ്തതിനുശേഷം പല സ്ഥലങ്ങളിലായി പ്രതി ഒളിവിലായിരുന്നു. ഇയാള്‍ക്കെതിരെ വയനാട് പനമരം പൊലീസ് സ്റ്റേഷനിൽ സമാന രീതിയിലുള്ള ഒരു കേസ് രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. കൂടാതെ കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, കൊടുവള്ളി എന്നിവിടങ്ങളിലും വയനാട് സുൽത്താൻ ബത്തേരിയിലും ഇയാൾ ഇത്തരത്തിലുള്ള തട്ടിപ്പുകൾ നടത്തിയതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പു കേസുകളിലെ പ്രതികളെ കണ്ടെത്തുന്നതിനായി ചേര്‍ത്തല അസിസ്റ്റന്‍റ് പൊലീസ് സൂപ്രണ്ട് ഹരീഷ് ജെയിന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.

ചേര്‍ത്തല ഐഎസ്എച്ച്ഒ അരുണ്‍ ജി, എസ്ഐ സുരേഷ് എസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe