കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശത്തിന്റെ പേരിൽ പാലാ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി. ജോർജിനെ ഇന്ന് വൈകീട്ട് ആറുമണി വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നീക്കത്തിനിടെയാണ് അദ്ദേഹം ബി.ജെ.പി നേതാക്കൾക്കൊപ്പം കോടതിയിലെത്തി നാടകീയമായി കീഴടങ്ങിയത്.ഇരു ഭാഗങ്ങളുടെയും വാദം കേട്ട ശേഷമാണ് കോടതിയുടെ നടപടി. ഇന്ന് രാവിലെ 11 നാണ് പൊലീസിനെ നോക്കുകുത്തിയാക്കി ജോർജ് കോടതിയിൽ കീഴടങ്ങിയത്. തുടർന്ന് 12.15 ന് ഇരുവിഭാഗങ്ങളുടെയും വാദം കേട്ടു. ജോർജിനെ കസ്റ്റഡിയിൽ വിടേണ്ട ആവശ്യം ഇല്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചു.
എന്നാൽ മുമ്പും ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തിയ വ്യക്തിയാണ് ജോർജെന്നും കോടതിയലക്ഷ്യമാണ് ചെയ്തതെന്നും പ്രോസിക്യൂഷൻ വാദിച്ചു. തുടർന്ന് ജോർജിന്റെ മുൻ കേസുകളുടെ വിശദാംശങ്ങൾ രണ്ട് മണിക്കൂറിനുള്ളിൽ ഹാജരാക്കാൻ പൊലീസിന് കോടതി നിർദേശം നൽകി. രണ്ട് മണിക്ക് ഈ വിശദാംശങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് ഈരാറ്റുപേട്ട ജെ.എഫ്.എം.സി ജോർജിനെ കസ്റ്റഡിയിൽ വിട്ടത്. കോടതി വളപ്പിൽ നിരവധി ബി.ജെ.പി പ്രവർത്തകർ തടിച്ചു കൂടിയിട്ടുണ്ട്.തിങ്കളാഴ്ച രാവിലെ പൊലീസ് സംഘം വീട്ടിലെത്തിയെങ്കിലും ജോർജ് സ്ഥലത്തുണ്ടായിരുന്നില്ല. ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി തള്ളിയിരുന്നു. പിന്നാലെ രണ്ടു തവണ ജോര്‍ജിന്റെ വീട്ടില്‍ പൊലീസ് എത്തിയെങ്കിലും നോട്ടീസ് കൈമാറാനായില്ല.പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിനു പിന്നാലെ ഹാജരാകാൻ രണ്ടു ദിവസത്തെ സാവകാശം ജോർജ് തേടിയിരുന്നു. തിങ്കളാഴ്ച ഹാജരാകാമെന്നാണ് അദ്ദേഹം പൊലീസിനെ അറിയിച്ചിരുന്നത്. മറ്റു വഴികളെല്ലാം അടഞ്ഞതോടെയാണ് ഒടുവിൽ ജോർജ് കോടതിയിലെത്തി കീഴടങ്ങിയത്. ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി.സി. ജോർജ് മതവിദ്വേഷ പരാമർശം നടത്തിയത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസ്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈകോടതിയും പി.സി. ജോർജിന്റെ മുൻകൂർ ജാമ്യപേക്ഷ തള്ളിയിരുന്നു.ജാമ്യാപേക്ഷ തള്ളിയ ഹൈകോടതി ജോർജിനെ രൂക്ഷമായി വിമർശിച്ചിരുന്നു. സൗഹാർദം തകർക്കുംവിധം മതത്തിന്റെയോ വർണത്തിന്റെയോ വർഗത്തിന്റെയോ ജന്മസ്ഥലത്തിന്റെയോ ഭാഷയുടെയോ പേരിൽ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കൽ, മതത്തെയും മതവിശ്വാസങ്ങളെയും അപകീർത്തിപ്പെടുത്തുന്നതിലൂടെ മതവികാരം വ്രണപ്പെടുത്താനുള്ള ബോധപൂർവമുള്ള പ്രവൃത്തി എന്നീ കുറ്റങ്ങളാണ് ഹരജിക്കാരനെതിരെയുള്ളതെന്ന് പി.സി. ജോർജിന്റെ മുൻകൂർ ജാമ്യഹരജി തള്ളി ഹൈകോടതി നിരീക്ഷിച്ചു. മുമ്പ് കേസുകൾക്കാധാരമായ പ്രസ്താവനകളും കോടതി പരാമർശിച്ചു.