വിദ്വേഷ പരാമർശം; പി.സി. ജോർജ് കോടതിയിൽ കീഴടങ്ങി

news image
Feb 24, 2025, 6:13 am GMT+0000 payyolionline.in

 

ഈരാറ്റുപേട്ട: മത വിദ്വേഷ പരാമര്‍ശത്തില്‍ ബി.ജെ.പി. നേതാവും പൂഞ്ഞാര്‍ മുന്‍ എം.എല്‍.എയുമായ പി.സി.ജോര്‍ജ് കോടതിയിൽ കീഴടങ്ങി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിന് പിന്നാലെ ഒളിവില്‍ പോയ ജോര്‍ജ് ഇന്ന് കോടതിയിൽ കീഴടങ്ങുകയായിരുന്നു.

ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിന് പിന്നാലെ ജോര്‍ജിനെ തേടി പോലീസ് പലതവണ വീട്ടിലെത്തിയിരുന്നു. എന്നാല്‍ വീട്ടിൽനിന്ന് വിട്ടുനിന്ന പി.സി. ജോര്‍ജ് താന്‍ തിങ്കളാഴ്ച ഹാജരാകാമെന്നായിരുന്നു പോലീസിനെ അറിയിച്ചത്. എന്നാല്‍ സ്‌റ്റേഷനില്‍ ഹാജരാകാതെ അഭിഭാഷകനും ബിജെപി നേതാക്കള്‍ക്കുമൊപ്പം മജിസ്‌ട്രേറ്റിന് മുന്നിലാണ് പി.സി.ജോര്‍ജ് എത്തിയത്.

ചാനല്‍ ചര്‍ച്ചയില്‍ മതവിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ഈരാറ്റുപേട്ട പോലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി തള്ളിയത്.. മുപ്പതുവര്‍ഷത്തോളം എം.എല്‍.എ. ആയിരുന്നിട്ടും എളുപ്പം പ്രകോപനത്തിന് വശംവദനാകുന്ന പി.സി. ജോര്‍ജിന് രാഷ്ട്രീയക്കാരനായി തുടരാന്‍ അര്‍ഹതയില്ലെന്ന് ഹൈക്കോടതി ജാമ്യം തള്ളിക്കൊണ്ട് നിരീക്ഷിച്ചിരുന്നു.

മതവിദ്വേഷപരാമര്‍ശം ആവര്‍ത്തിക്കരുതെന്ന കര്‍ശന ഉപാധിയോടെയാണ് സമാനസ്വഭാവമുള്ള മുന്‍കേസുകളില്‍ ജാമ്യം അനുവദിച്ചതെന്നും അത് ലംഘിച്ചതടക്കം കണക്കിലെടുത്താണ് മുന്‍കൂര്‍ജാമ്യം നിഷേധിച്ചതെന്നും കോടതി വ്യക്തമാക്കി. പി.സി. ജോര്‍ജ് മുന്‍പ് നടത്തിയ പ്രകോപനപരമായ പരാമര്‍ശങ്ങളും ഉത്തരവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടും ഹര്‍ജിക്കാരന് മുന്‍കൂര്‍ജാമ്യം അനുവദിച്ചാല്‍ സമൂഹത്തിന് തെറ്റായ സന്ദേശമാകുമെന്നും കോടതി പറയുകയുണ്ടായി.

സമുദായ സ്പര്‍ധയും വിദ്വേഷവും പടര്‍ത്തുന്ന പ്രസംഗം നടത്തിയെന്ന കേസില്‍ പി.സി. ജോര്‍ജിനെ മുമ്പും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe