പുതിയ കൊറോണ വൈറസിനെ കണ്ടെത്തി; മനുഷ്യരിലേക്ക് പടരുമോ എന്നറിയാൻ പഠനം തുടരുന്നു

news image
Feb 22, 2025, 7:20 am GMT+0000 payyolionline.in

ബെയ്ജിങ്: ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കാൻ ശേഷിയുള്ള കൊറോണ വൈറസ് ചൈനയിൽ കണ്ടെത്തി. വവ്വാലുകളിലാണ് ചൈനീസ് ഗവേഷകർ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇതുസംബന്ധിച്ച പഠനം സെൽ സയന്റിഫിക് ജേണലിൽ ​പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബാറ്റ് വുമൺ എന്നറിയപ്പെടുന്ന ചൈനീസ് വൈറോളജിസ്റ്റ് ഷി ഴെങ്ക്‍ലി ആണ് വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ഏതായാലും മറ്റൊരു മഹാമാരിക്ക് വൈറസ് കാരണമാകുമോ എന്ന ആശങ്കയിലാണ് ലോകം.HKU5-CoV-2 എന്നാണ് പുതിയ വൈറസിന് പേരിട്ടിരിക്കുന്നത്. അതേസമയം, മൃഗങ്ങളിൽ നിന്ന് വൈറസ് മനുഷ്യ ശരീരത്തിലെത്തുമോ എന്നത് സംബന്ധിച്ച് ഇപ്പോഴും ശാസ്ത്രജ്ഞർ പഠനം തുടരുകയാണ്.

മൃഗങ്ങളുടെ ശരീരത്തിൽ നൂറുകണക്കിന് കൊറോണ വൈറസുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ വളരെ കുറച്ച് മാത്രമേ മനുഷ്യരെ നേരിട്ട് ബാധിക്കുകയുള്ളൂ.HKU5 വിഭാഗത്തിൽ പെട്ടതാണ് HKU5-CoV-2. ഹോങ്കോങ്ങിലെ വവ്വാലിലാണ് വൈറസിന്റെ സാന്നിധ്യം ആദ്യം കണ്ടെത്തിയത്. മിഡിൽ ഈസ്​റ്റ് റെസ്പിറേ​റ്ററി സിൻഡ്രോമിന് കാരണമാകുന്ന വൈറസും ഇതിൽ ഉൾപ്പെടുന്നു.വവ്വാലുകളിലെ കൊറോണ വൈറസുകളുടെ സാന്നിധ്യത്തെ കുറിച്ച് നിരന്തരം പഠനം നടത്തുന്നതിനാലാണ് ഷിയെ ബാറ്റ്‍വുമൺ എന്ന് വിശേഷിപ്പിക്കുന്നത്. വുഹാനിലെ വൈറോളജി ലാബിൽ ഷി ജോലി ചെയ്തപ്പോഴുണ്ടായ പ്രവർത്തനങ്ങൾ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ലോകത്തെ മുൾമുനയിലാക്കിയ കോവിഡ് വ്യാപനത്തിന് കാരണം വൂഹാനിലെ ലാബിൽ നിന്ന് വൈറസ് ചോർന്നതാണെന്ന് വാദങ്ങളുണ്ടായിരുന്നു. എന്നാൽ ഈ അവകാശവാദം ​ചൈന തള്ളുകയായിരുന്നു. ബാറ്റ് വുമണും ഈ വാദം തള്ളിയിരുന്നു. കോവിഡ് വന്നുപോയിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും വൈറസിന്റെ ഉറവിടം കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല.അതേസമയം, കോവിഡ് 19ന് കാരണമായ സാർസ് കോവ് 2 വൈറസിനെ പോലെ HKU5-CoV-2 മനുഷ്യരെ ബാധിക്കില്ലെന്നാണ് ചൈനീസ് ഗവേഷകർ പറയുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe