തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ കേരള എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് മാർച്ച് 10 വൈകീട്ട് അഞ്ച് വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷകരുടെ എസ്.എസ്.എൽ.സി, തത്തുല്യ സർട്ടിഫിക്കറ്റ്, ജനനത്തീയതി, നാഷണാലിറ്റി, നേറ്റിവിറ്റി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ ഫോട്ടോ, ഒപ്പ് എന്നിവ മാർച്ച് 10നകം അപേക്ഷയോടൊപ്പം ഓൺലൈനായി സമർപ്പിക്കണം.
വിവിധ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, മറ്റ് അനുബന്ധ രേഖകൾ എന്നിവ അപ്ലോഡ് ചെയ്യുന്നതിന് മാർച്ച് 15 വൈകീട്ട് അഞ്ചു വരെ അവസരം ഉണ്ടായിരിക്കും. അപേക്ഷകൻ ഏതെങ്കിലും ഒരു കോഴ്സിനോ/എല്ലാ കോഴ്സുകളിലേക്കുമോ ഉള്ള പ്രവേശനത്തിന് ഒരു ഓൺലൈൻ അപേക്ഷ മാത്രമേ സമർപ്പിക്കാൻ പാടുള്ളൂ. കേരളത്തിലെ മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ നിർബന്ധമായും മേൽപറഞ്ഞ തീയതിക്കുള്ളിൽ അപേക്ഷ സമർപ്പിക്കേണ്ടതും നാഷനൽ ടെസ്റ്റിങ് ഏജൻസി (NTA) നടത്തുന്ന നീറ്റ് യു.ജി 2025 പരീക്ഷ എഴുതി യോഗ്യത നേടേണ്ടതുമാണ്. ആർക്കിടെക്ചർ കോഴ്സിൽ പ്രവേശനം ആഗ്രഹിക്കുന്നവർ അപേക്ഷ കീമിന് സമർപ്പിക്കേണ്ടതും കൗൺസിൽ ഓഫ് ആർക്കിടെക്ചർ (CoA) നടത്തുന്ന NATA 2025 പരീക്ഷ എഴുതി യോഗ്യത നേടേണ്ടതുമാണ്.