ന്യൂഡൽഹി: നിയമസഭ തെരഞ്ഞടുപ്പിന് മണിക്കൂറുകൾക്ക് മുമ്പ് ഡൽഹി മുഖ്യമന്ത്രി അതിഷിയുടെ രണ്ട് ഓഫിസ് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് അഞ്ച് ലക്ഷം രൂപ കൈവശം വെച്ചതിന് ചൊവ്വാഴ്ച രാത്രി ഫ്ളൈയിങ് സ്ക്വാഡ് പിടികൂടി കൈമാറുകയായിരുന്നുവെന്ന് ഡൽഹി പൊലീസ് അറിയിച്ചു. അറസ്റ്റിലായവരിൽ ഒരാൾ മുഖ്യമന്ത്രിയുടെ പേഴ്സനൽ അസിസ്റ്റന്റും ഒരാൾ ഡ്രൈവറുമാണെന്ന് പൊലീസ് സംശയിക്കുന്നു.
“അഞ്ച് ലക്ഷം രൂപയുമായി ചിലർ പിടിയിലായിട്ടുണ്ടെന്ന് ഫ്ളൈയിങ് സ്ക്വാഡ് അറിയിച്ചതിനു പിന്നാലെയാണ് ഞങ്ങൾ അവിടെയെത്തിയത്. ഗൗരവ്, അജിത് എന്നിവരെ അവർ ഞങ്ങൾക്ക് കൈമാറി. ഇരുവരും മുഖ്യമന്ത്രി അതിഷിയുടെ ഓഫിസ് ജീവനക്കാരാണെന്നാണ് പ്രാഥമിക വിവരം” -ഡൽഹി സൗത്ത് ഈസ്റ്റ് ഡി.സി.പി രവികുമാർ സിങ് പറഞ്ഞു.
ഡൽഹിയിലെ ചില മേഖലകളിൽ പണം വിതരണം ചെയ്യുന്നുവെന്ന രഹസ്യ വിവരത്തെത്തുടർന്നാണ് രിശോധനയിലേക്ക് കടന്നതെന്ന് പൊലീസ് അറിയിച്ചു. ആ സമയത്താണ് രണ്ട് പേർ പണവുമായി എത്തിയെന്ന കാര്യം മനസിലായത്. ഇവരുടെ കാർ പരിശോധിച്ചപ്പോഴാണ് പണം പിടിച്ചെടുത്തതെന്ന് പൊലീസ് പറയുന്നു. പലയിടത്തും പണം വിതരണം ചെയ്തെന്നും വോട്ട് അട്ടിമറിക്കാൻ ശ്രമം നടത്തുന്നുണ്ടെന്നുമുള്ള പരാതികളുടെ അടിസ്ഥാനത്തിൽ വ്യാപക പരിശോധനയാണ് നടത്തി വരുന്നത്. അതേ സമയം വിഷയവുമായി ബന്ധപ്പെട്ട് എ.എ.പി ഇതുവരെ പ്രതികരിച്ചിട്ടില്ല.
70 മണ്ഡലങ്ങളിലായി 699 സ്ഥാനാർഥികളാണ് ഡൽഹിയിൽ ജനവിധി തേടുന്നത്. 13766 പോളിംഗ് ബൂത്തുകളാണ് തെരഞ്ഞെടുപ്പിനായി സജ്ജമാക്കിയിരിക്കുന്നത്. ഇതിൽ 3000 ബൂത്തുകൾ പ്രശ്നബാധിത ബൂത്തുകളാണ്. ഒന്നര കോടിയിലധികം വോട്ടർമാരാണ് ഡൽഹിയിലുള്ളത്. തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ദില്ലിയിൽ സുരക്ഷ ശക്തമാക്കി. 220 അർധസൈനിക യൂണിറ്റുകളും 30000 പൊലീസ് ഉദ്യാഗസ്ഥരെയും ദില്ലിയിൽ വിന്യസിച്ചിട്ടുണ്ട്. ശനിയാഴ്ചയാണ് ഫലപ്രഖ്യാപനം.