ബംഗളൂരു: മോഷ്ടിച്ച പണം ഉപയോഗിച്ച് കാമുകിയായ നടിക്കായി മൂന്നുകോടി രൂപയുടെ വീട് നിർമിച്ച യുവാവിനെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സോളാപുർ സ്വദേശി പഞ്ചാക്ഷരി സ്വാമിയാണ് (37) അറസ്റ്റിലായത്. പ്രമുഖ സിനിമാ നടിയുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് പൊലീസ് വെളിപ്പെടുത്തി.
വിവാഹിതനും ഒരു കുട്ടിയുമുള്ളയാളാണ് പ്രതി. 2003ൽ പ്രായപൂർത്തിയാകാത്തപ്പോൾ തന്നെ സ്വാമി മോഷണം തുടങ്ങിയതായി അന്വേഷണത്തിൽ വ്യക്തമായെന്ന് ബംഗളൂരു നോർത്ത് ഈസ്റ്റ് ഡെപ്യൂട്ടി പൊലീസ് കമീഷണർ സാറ ഫാത്തിമ പറഞ്ഞു. 2009 ആയപ്പോഴേക്കും പ്രതി ഒരു പ്രഫഷനൽ കള്ളനായി മാറി. കുറ്റകൃത്യങ്ങളിലൂടെ കോടിക്കണക്കിന് സ്വത്ത് സമ്പാദിച്ചു. 2014-‘15ൽ പ്രമുഖ നടിയുമായി പ്രണയബന്ധം സ്ഥാപിച്ചു. നടിക്കുവേണ്ടി കോടികൾ ചെലവഴിച്ചതായി പ്രതി സമ്മതിച്ചു. കൊൽക്കത്തയിൽ മൂന്നു കോടി രൂപയുടെ വീട് പണിയുകയും 22 ലക്ഷം രൂപയുടെ അക്വേറിയം സമ്മാനമായി നൽകുകയും ചെയ്തു.
2016ൽ ഗുജറാത്ത് പൊലീസ് സ്വാമിയെ അറസ്റ്റ് ചെയ്ത് ആറ് വർഷം തടവിന് ശിക്ഷിച്ചിരുന്നു. അഹ്മദാബാദിലെ സബർമതി സെൻട്രൽ ജയിലിൽനിന്ന് മോചിതനായ ശേഷം വീണ്ടും മോഷണത്തിലേക്ക് മടങ്ങി. പിന്നീട് സമാനമായ കുറ്റകൃത്യങ്ങൾക്ക് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തു.
2024ൽ മോചിതനായ ശേഷം താവളം ബംഗളൂരുവിലേക്ക് മാറ്റി. കഴിഞ്ഞ മാസം ഒമ്പതിന് ബംഗളൂരു മടിവാള പ്രദേശത്തെ ഒരു വീട്ടിൽ മോഷണം നടത്തി. രഹസ്യ വിവരങ്ങൾ ശേഖരിച്ചതിനെതുടർന്ന് മടിവാള മാർക്കറ്റ് ഏരിയക്ക് സമീപം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ബംഗളൂരുവിൽ കൂട്ടാളിയുമായി ചേർന്ന് മോഷണങ്ങൾ നടത്തിയതായി ഇയാൾ സമ്മതിച്ചു. മോഷ്ടിച്ച സ്വർണം ഉരുക്കി സ്വർണ ബിസ്കറ്റുകളാക്കി മാറ്റാൻ ഇയാൾ ഉപയോഗിച്ച ഇരുമ്പ് വടിയും ഫയർ ഗണ്ണും പൊലീസ് പിടിച്ചെടുത്തു.
മോഷ്ടിച്ച ആഭരണങ്ങളിൽനിന്ന് നിർമിച്ച എല്ലാ സ്വർണ, വെള്ളി ബിസ്കറ്റുകളും മഹാരാഷ്ട്രയിലെ സോളാപുരിലുള്ള തന്റെ വസതിയിൽ സൂക്ഷിച്ചിരുന്നതായി സ്വാമി വെളിപ്പെടുത്തി. 181 ഗ്രാം സ്വർണ ബിസ്കറ്റുകൾ, 333 ഗ്രാം വെള്ളി ആഭരണങ്ങൾ എന്നിവയും അധികൃതർ പിടിച്ചെടുത്തു. പ്രതി കരാട്ടേയിൽ ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുണ്ട്.
പിതാവിന്റെ മരണശേഷം മാതാവിന് റെയിൽവേ വകുപ്പിൽ നഷ്ടപരിഹാര ജോലി ലഭിച്ചിരുന്നു. സ്വാമിയുടെ പേരിലും ഒരു വീടുണ്ടെങ്കിലും തിരിച്ചടക്കാത്ത വായ്പകൾ കാരണം ബാങ്ക് ലേല നോട്ടീസ് പുറപ്പെടുവിച്ചിരുന്നതായും ഡി.സി.പി പറഞ്ഞു. മടിവാള എ.സി.പി കെ.സി. ലക്ഷ്മിനാരായണ, മടിവാള പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ എം.എ. മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.