മുക്കം: മുക്കം മാമ്പറ്റയിൽ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരിയെ താമസസ്ഥലത്തുവെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച ഹോട്ടലുടമ പിടിയിൽ. ഉടമ ദേവദാസ് ആണ് തൃശൂർ കുന്നംകുളത്ത് നിന്ന് പിടിയിലായത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൂട്ടുപ്രതികളും ഇയാളുടെ സുഹൃത്തുക്കളുമായ റിയാസ്, സുരേഷ് എന്നിവർ ഒളിവിലാണ്. പീഡനശ്രമം ചെറുക്കാൻ കെട്ടിടത്തിൽനിന്ന് ചാടിയ യുവതി ഇടുപ്പെല്ല് പൊട്ടി ആശുപത്രിയിൽ കഴിയുകയാണ്.
പ്രതികളെ പിടികൂടാത്തതിനെതിരെ പ്രതിഷേധം കടുക്കുന്നതിനിടെയാണ് ദേവദാസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിൽ പൊലീസ് അന്വേഷണം ഇഴയുന്നതായി ആക്ഷേപമുണ്ട്. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും ആവശ്യമായ തെളിവുകൾ ലഭിച്ചിട്ടും പൊലീസ് മുഴുവൻ പ്രതികളെയും പിടികൂടാത്തത് പ്രതിഷേധത്തിനും സംശയങ്ങൾക്കും ഇടനൽകിയിട്ടുണ്ട്. പ്രതികൾ ഒളിവിലാണെന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ, പ്രതികളുടെ സ്വാധീനത്തിന് വഴങ്ങി കേസ് ദുർബലപ്പെടുത്താനും മുൻകൂർ ജാമ്യം ലഭിക്കുന്നതിനും അണിയറ നീക്കം നടക്കുന്നതായി ആക്ഷേപമുയർന്നിട്ടുണ്ട്. സംശയങ്ങൾ ബലപ്പെടുത്തുംവിധമാണ് പൊലീസിന്റെ മെല്ലെപ്പോക്ക്.
പ്രതികളെ പിടികൂടാൻ വൈകുന്നതിൽ പരാതിക്കാരിയുടെ ബന്ധുവും സംശയം പ്രകടിപ്പിച്ചു. പ്രതികൾ മൂന്നുപേരും യുവതിയുടെ താമസസ്ഥലത്ത് അതിക്രമിച്ചുകയറി ഉപദ്രവിക്കാൻ ശ്രമിച്ചതായും പ്രാണരക്ഷാർഥമാണ് യുവതി കെട്ടിടത്തിൽനിന്ന് ചാടിയതെന്നും ബന്ധു പറഞ്ഞു. മൂന്നു മാസമായി യുവതി ജോലിക്ക് കയറിയിട്ട്. ഹോട്ടൽ ഉടമ ദേവദാസ് ആദ്യം യുവതിയുടെ പിന്നാലെ പ്രലോഭനങ്ങളുമായി നടക്കുകയും വഴങ്ങാതെവന്നതോടെ ബലപ്രയോഗത്തിന് മുതിരുകയായിരുന്നുവെന്നും ഫോണിലേക്ക് മോശം സന്ദേശങ്ങൾ അയച്ചിരുന്നതായും ബന്ധു പറഞ്ഞു. പ്രതികളെ പിടികൂടാത്തതിനെതിരെ ശക്തമായ പ്രതിഷേധമാണ് വിവിധ കോണുകളിൽനിന്ന് ഉയരുന്നത്.
ഹോട്ടലുടമയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാനാണ് കെട്ടിടത്തിൽനിന്ന് ചാടിയതെന്നാണ് യുവതി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ഇതുസംബന്ധിച്ച് വ്യക്തമായ തെളിവും പരാതിക്കാരി പൊലീസിന് കൈമാറി. വീഴ്ചയിൽ സാരമായ പരിക്കേറ്റ ഇവർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.