ബംഗളൂരു: സാങ്കേതിക തകരാർ പരിഹരിച്ച് നൂറാം വിക്ഷേപണ ദൗത്യമായ എൻ.വി.എസ്-02 ഉപഗ്രഹത്തിന്റെ ഭ്രമണപഥം ഉയർത്താനുള്ള ശ്രമം ഐ.എസ്.ആർ.ഒ തുടരുന്നതായി റിപ്പോർട്ട്. ലിക്കുഡ് അപോജി മോട്ടർ (ലാം എൻജിൻ) എൻജിനാണ് ഉപഗ്രഹത്തിന്റെ ഭ്രമണപഥം ഉയർത്തേണ്ടിയിരുന്നത്. എന്നാൽ, എൻജിന് വാൽവിന് തകരാർ സംഭവിച്ചതിന് പിന്നാലെ ത്രസ്റ്ററുകൾക്ക് കൃത്യമായി പ്രവർത്തിക്കാൻ സാധിക്കാതെ വരികയായിരുന്നു. ഈ സാങ്കേതിക തകരാറാണ് ഭ്രമണപഥം ഉയർത്താനുള്ള ശ്രമത്തിന് തിരിച്ചടിയായത്.
അതേസമയം, എൻ.വി.എസ്-02 ഉപഗ്രഹം നിലവിൽ അസ്ഥിര ഭ്രമണപഥത്തിലാണ് ഭൂമിയെ വലം വെക്കുന്നത്. ദീർഘ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ ഉപഗ്രഹവും ഭൂമിയുമായുള്ള കുറഞ്ഞ അകലം 170 കിലോമീറ്റർ ആണ്. ഇത് ഭൂസ്ഥിര ഭ്രമണപഥമായ 200 കിലോമീറ്ററിലേക്ക് എത്തിക്കേണ്ടത് അനിവാര്യമാണ്.
ഭൂസ്ഥിര ഭ്രമണപഥത്തിലേക്ക് ഉപഗ്രഹത്തെ ഉയർത്താനുള്ള ശ്രമമാണ് ത്രസ്റ്ററുകൾ കൃത്യമായി പ്രവർത്തിക്കാത്തതിനെ തുടർന്ന് തിരിച്ചടിയായത്. ഇന്നലെയാണ് സാങ്കേതിക തകരാറിനെ തുടർന്ന് ഉപഗ്രഹത്തിന്റെ ഭ്രമണപഥം ഉയർത്താൻ സാധിക്കുന്നില്ലെന്ന വാർത്ത പുറത്തുവന്നത്.
ജനുവരി 29ന് ശ്രീഹരിക്കോട്ടയിൽ നിന്ന് ജി.എസ്.എൽ.വി എഫ്-15 റോക്കറ്റിലാണ് ‘എൻ.വി.എസ്-02’ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചത്. നിലവിലെ ദിശനിർണയ ഉപഗ്രഹത്തിന് പകരമായി വികസിപ്പിക്കുന്ന അഞ്ച് രണ്ടാംതലമുറ ഉപഗ്രഹങ്ങളിൽ രണ്ടാമത്തേതാണ് എൻ.വി.എസ്-02.
എൽ1, എൽ5, എസ്, സി ബാൻഡുകളിലെ ദിശാനിർണയ പേലോഡുകളാണ് ഉപഗ്രഹത്തിലുള്ളത്. യു.ആർ. റാവു സാറ്റലൈറ്റ് സെന്റർ വികസിപ്പിച്ച എൻ.വി.എസ്-02 ഉപഗ്രഹത്തിന് 2,250 കിലോഗ്രാം ആണ് ഭാരം. 2.23 ടൺ ഭാരമുള്ള ആദ്യത്തെ എൻ.വി.എസ്-01 ഉപഗ്രഹം 2023 മേയ് 29ന് വിജയകരമായി വിക്ഷേപിച്ചിരുന്നു.