ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കുറിച്ചുള്ള പാവം സ്ത്രീ പരാമർശത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ പാർലമെന്റിൽ അവകാശലംഘന നോട്ടീസ് നൽകി ബി.ജെ.പി എം.പിമാർ.
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട് സോണിയ നടത്തിയ പരാമര്‍ശങ്ങള്‍ രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ സ്ഥാനത്തിനു നേരെയുള്ള അവമതിപ്പാണെന്നും ഇതിനെ അപലപിക്കുന്നെന്നും ബി.ജെ.പി അംഗങ്ങള്‍ പറഞ്ഞു. കേന്ദ്ര ബജറ്റിനു മുന്നോടിയായാണ് പാർലമെന്റിലെ ഇരുസഭകളെയും രാഷ്ട്രപതി അഭിസംബോധന ചെയ്ത് സംസാരിച്ചത്. വായിച്ചു ക്ഷീണിച്ചു, അവസാനമായപ്പോഴേക്കും സംസാരിക്കാൻ പോലും വയ്യാതായി, കഷ്ടം എന്നായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗത്തെ കുറിച്ച് സോണിയ ഗാന്ധി പറഞ്ഞത്.
പിന്നാലെ പ്രതിഷേധവുമായി ബി.ജെ.പി രംഗത്തെത്തി. സോണിയയുടെ ഭാഗത്തുനിന്നുണ്ടായത് അനാദരവാണെന്ന് ബിജെപി നേതാക്കള്‍ പ്രതികരിച്ചു. വിഷയം ചര്‍ച്ചയായതോടെ സോണിയയുടെ പരാമര്‍ശത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് രാഷ്ട്രപതിഭവനും പ്രസ്താവനയിറക്കി. രാഷ്ട്രപതി ഭവന്റെ അന്തസ്സിനെ മുറിവേല്‍പ്പിക്കുന്ന വാക്കുകളാണ് കോണ്‍ഗ്രസ് നേതാവില്‍ നിന്നുണ്ടായതെന്ന് രാഷ്ട്രപതിഭവന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
സോണിയയുടെ ഗോത്രവിരുദ്ധതയുടെയും വരേണ്യ മനസ്സിന്റെയും വ്യക്തമായ പ്രകടനമാണ് ഈ പ്രസ്താവനയെന്നും ആദിവാസി വിഭാഗങ്ങളുടെ പോരാട്ടം അവർ ഇതുവരെ മനസ്സിലാക്കിയിട്ടില്ലെന്നും എം.പിമാർ നോട്ടീസിൽ ആരോപിച്ചു. ഇതിന്റെ ഗൗരവം മനസ്സിലാക്കി സോണിയക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും രാജ്യസഭ ചെയർമാന് നൽകിയ നോട്ടീസിൽ എം.പിമാർ ആവശ്യപ്പെട്ടു.