മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ആശ്വാസം, പലിശ വരുമാനത്തിനുള്ള ടിഡിഎസ് പരിധി കൂട്ടി

news image
Feb 1, 2025, 4:31 pm GMT+0000 payyolionline.in

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഏറെ ആശ്വാസമേകി പലിശ വരുമാനത്തിനുള്ള ടിഡിഎസ് പരിധി കുത്തനെ കൂട്ടി. 50,000 രൂപയില്‍ നിന്നും ഒരു ലക്ഷമായാണ് നികുതി പരിധി കൂട്ടിയത്. അതായത് 1 ലക്ഷം രൂപ വരെയുള്ള പലിശ വരുമാനത്തിന് മുതിര്‍ന്ന പൗരന്‍മാര്‍ ടിഡിഎസ് നല്‍കേണ്ടതില്ല. പുതിയ നികുതി വ്യവസ്ഥയില്‍, ആകെ വരുമാനം 3 ലക്ഷം രൂപയില്‍ താഴെയുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക്, 50,000 രൂപയ്ക്ക് മുകളിലുള്ള പലിശ വരുമാനത്തില്‍ ടിഡിഎസ് ഈടാക്കുണ്ട്. ഇതിന്‍റെ റീഫണ്ട് ക്ലെയിം ചെയ്യുന്നതിന് അവര്‍ ആദായനികുതി റിട്ടേണ്‍  ഫയല്‍ ചെയ്യേണ്ടിവരുന്നു. റീഫണ്ട് ക്ലെയിം ചെയ്യുന്നത് ഒഴിവാക്കാന്‍, മുതിര്‍ന്ന പൗരന്മാര്‍ക്ക് ടിഡിഎസ് കുറയ്ക്കരുതെന്ന് ബാങ്കിനോട് അഭ്യര്‍ത്ഥിക്കാന്‍ ഫോം 15എച്ച് സമര്‍പ്പിക്കാം. നികുതി രഹിത പലിശ വരുമാന പരിധിയിലെ വര്‍ധന സ്ഥിര നിക്ഷേപങ്ങളെയും ചെറുകിട സമ്പാദ്യ പദ്ധതികളെയും ആശ്രയിക്കുന്ന വിരമിച്ചവര്‍ക്ക് ഗുണം ചെയ്യും.

ഇതിന് പുറമേ വാടക വരുമാനത്തിലെ വാര്‍ഷിക ടിഡിഎസ് ഇളവ് പരിധി 2.4 ലക്ഷം രൂപയില്‍ നിന്ന് 6 ലക്ഷം രൂപയായി ഉയര്‍ത്തി. ചെറിയ വാടക വരുമാനമുള്ളവര്‍ക്ക് ഇത് ഏറെ ഗുണം ചെയ്യും. നിരക്കുകളുടെ എണ്ണം കുറച്ചും പരിധി ഉയര്‍ത്തിയും ടിഡിഎസ് ചട്ടക്കൂട് ലളിതമാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി.

ടിഡിഎസിലെ മറ്റു മാറ്റങ്ങള്‍

* പണമടയ്ക്കല്‍: ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്കീം  പ്രകാരം പണമടയ്ക്കുന്നതിനുള്ള ഉറവിടത്തില്‍ നിന്നുള്ള നികുതി പിരിവ്  പരിധി 7 ലക്ഷത്തില്‍ നിന്ന് 10 ലക്ഷമായി ഉയര്‍ത്തി.

* പാന്‍ ഇല്ലാത്തവര്‍ക്ക് ഉയര്‍ന്ന ടിഡിഎസ്: നികുതിദായകന് പാന്‍് നമ്പര്‍ ഇല്ലെങ്കില്‍ മാത്രമേ ഉയര്‍ന്ന ടിഡിഎസ് വ്യവസ്ഥ ബാധകമാകൂ.

* വിദ്യാഭ്യാസ വായ്പ വിദ്യാഭ്യാസ വായ്പകള്‍ക്കുള്ള പണമടയ്ക്കലിനുള്ള ടിസിഎസ് ഒഴിവാക്കി. ഇത് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രയോജനം ചെയ്യും.

എന്താണ് ടിഡിഎസ്

വരുമാന സ്രോതസ്സില്‍ നിന്ന് നികുതി പിരിക്കുന്നതിന് സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഒരു നടപടിക്രമമാണ് സ്രോതസ്സില്‍ നികുതി കുറയ്ക്കല്‍ (ടിഡിഎസ്). സ്വീകര്‍ത്താവിന് പണമടയ്ക്കുന്ന സമയത്ത് നികുതിയുടെ ഒരു നിശ്ചിത ശതമാനം നികുതിദായകന്‍ കുറയ്ക്കുകയും ഈ തുക സര്‍ക്കാരിലേക്ക് അയയ്ക്കുകയും ചെയ്യുന്നു. ശമ്പളം, സ്ഥിരനിക്ഷേപങ്ങളുടെ പലിശ, വാടക, കമ്മീഷനുകള്‍ തുടങ്ങിയ വിവിധ വരുമാന വിഭാഗങ്ങള്‍ക്ക് ടിഡിഎസ് ബാധകമാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe