‘പ്രധാനമന്ത്രിക്കുള്ള വെള്ളത്തിൽ ഹരിയാന വിഷം കലക്കുമോ?’: കേജ്‍‌രിവാളിനോട് നരേന്ദ്ര മോദി

news image
Jan 29, 2025, 11:21 am GMT+0000 payyolionline.in

ന്യൂഡൽഹി: യമുന നദിയിൽ ഹരിയാന സർക്കാർ വിഷം കലർത്തുന്നെന്ന ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്‌രിവാളിന്റെ ആരോപണത്തിനു മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി കുടിക്കുന്ന വെള്ളത്തിൽ ഹരിയാനയിലെ ബിജെപി സർക്കാർ വിഷം കലർത്തുമോ എന്നു മോദി ചോദിച്ചു. ആരോപണം തെളിയിക്കാനുള്ള വിവരങ്ങൾ ഇന്നു വൈകിട്ട് 8 മണിക്കുള്ളിൽ നൽകണമെന്നു കേജ്‌രിവാളിനോട് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു.

‘‘യമുനയുടെ പേരു പറഞ്ഞാണ് അവർ വോട്ടു ചോദിച്ചത്. അവർക്കതിൽ ലജ്ജയില്ല. വെള്ളത്തിനായി ‍ഡൽഹിക്കാർ യാചിക്കണമെന്നാണ് അവരുടെ ആരോപണം. രാഷ്ട്രീയ നേട്ടത്തിനായി എഎപി പാപം ചെയ്തു. ചരിത്രം അവർക്കു മാപ്പു നൽകില്ല. ഡൽഹിയും അവരെ വെറുതെ വിടില്ല. നിങ്ങൾക്കു ശുദ്ധമായ വെള്ളം ബിജെപി തരും. വെറുപ്പ് പടർത്തുന്ന ആരോപണമാണ് ഉന്നയിച്ചത്. ഹരിയാനക്കാരും ഡൽഹിയിൽ താമസിക്കുന്നില്ലേ? അപ്പോൾ അവർ ഡൽഹിയിലേക്കുള്ള വെള്ളത്തിൽ വിഷം കലക്കുമോ? ഈ വെള്ളം തന്നെയാണു പ്രധാനമന്ത്രിയും കുടിക്കുന്നത്.’’– തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ മോദി പറഞ്ഞു.
വ്യാജ ആരോപണങ്ങൾ ഉയർത്തി ജനങ്ങളെ ആശങ്കപ്പെടുത്തുന്ന കേജ്‌രിവാളിനെ തിരഞ്ഞെടുപ്പു പ്രചാരണത്തിൽനിന്നു വിലക്കണമെന്നാവശ്യപ്പെട്ടു ബിജെപി തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകിയിരുന്നു. ‘‘ഹരിയാനയിലെ ബിജെപിക്കാർ വെള്ളത്തിൽ വിഷം കലർത്തി ഡൽഹിയിലേക്ക് അയയ്ക്കുകയാണ്. ജലത്തിൽ കലരുന്ന വിഷം ശുദ്ധീകരണ പ്ലാന്റുകളിൽ ശുചീകരിക്കാൻ കഴിയുന്നില്ല. ഡൽഹിയിലെ ജനങ്ങളുടെ സുരക്ഷയ്ക്കായി പല പ്രദേശങ്ങളിലും ജലവിതരണം നിർത്തണം’’– കഴിഞ്ഞ ദിവസം കേജ്‌രിവാൾ പറഞ്ഞു. വെള്ളത്തിലെ അമോണിയയുടെ നില ഉയർന്ന പശ്ചാത്തലത്തിലായിരുന്നു ആരോപണങ്ങൾ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe