‘ടോര്‍ച്ചടിച്ചതും കടുവ തിരിഞ്ഞു’; കീഴ്പ്പള്ളിയില്‍ വീട്ടമ്മയുടെ ജീവന്‍ രക്ഷിച്ചത് വളര്‍ത്തുനായ…

news image
Jan 29, 2025, 1:16 am GMT+0000 payyolionline.in

 

 

കണ്ണൂർ : കണ്ണൂര്‍ കീഴ്പ്പള്ളിയില്‍ കടുവയെ കണ്ട ഭീതി മാറാതെ വീട്ടമ്മ. രാത്രി 11 മണിക്ക് തൊട്ടടുത്ത് കടുവയെ കണ്ട അനുഭവം വിവരിക്കുമ്പോള്‍ വീട്ടമ്മയുടെ തൊണ്ട ഇടറുകയും വിറക്കുകയും ചെയ്തു. സ്വന്തം വളര്‍ത്തുനായ ഇല്ലായിരുന്നെങ്കില്‍ കടുവ തന്നെ കൊണ്ടുപോയേനെ എന്ന് അവര്‍ പറയുന്നു.

‘രാത്രി ഒമ്പതുമണിയ്ക്ക് റബ്ബര്‍ വെട്ടാന്‍ പോയി. 11 മണിയ്ക്ക് പാലെടുത്ത് കേറിയപ്പോള്‍ പട്ടി കുരച്ചു. ചെന്നപ്പോള്‍ വഴിയരികില്‍ മറ്റൊരു പട്ടിയെ നോക്കി കടുവ നില്‍ക്കുകയാണ്. വേറെന്തോ മൃഗമാണെന്ന് കരുതി ടോര്‍ച്ച് അടിച്ച് നോക്കി. അപ്പോള്‍ കടുവ എനിക്ക് നേരെ തിരിഞ്ഞു, എന്‍റെ പട്ടിക്ക് മനസിലായി, എന്നെ വലിച്ചോണ്ട് ഓടി. ആ നിമിഷം എന്നെ കൊണ്ടുപോയേനെ, എന്‍റെ പട്ടിയാണ് എന്നെ രക്ഷിച്ചത്. നേരിട്ടു കണ്ടതാ, നമ്മള്‍ ഉദ്ദേശിക്കുന്നതുപോലെയല്ല, വമ്പന്‍ സാധനവാ. ബോധം നേരെ വന്നിട്ടില്ല, അതുപോലെ ഞാന്‍ പേടിച്ചുപോയി. ഒറ്റചാട്ടം ചാടിയെങ്കില്‍ എന്നേം കൂടി കൊണ്ടുപോയേനേ,’ വീട്ടമ്മ പറഞ്ഞു.

 

കടുവയെ എത്രയും വേഗം പിടിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വയനാട്ടിലെ പോലെ കൊന്നുതിന്നതിനു ശേഷം പടിച്ചിട്ട് കാര്യമില്ല. ജീവിക്കാന്‍ ആഗ്രഹമുണ്ട്. ഇവിടെയുള്ളവര്‍ കൂലിവേലയും തൊഴിലുറപ്പും ചെയ്താണ് ജീവിക്കുന്നത്. ഭയം കാരണം പുറത്തിറങ്ങി റബ്ബര്‍ വെട്ടാന്‍ പറ്റുന്നില്ലെന്നും വീട്ടമ്മ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe