ബംഗളുരുവിൽ എംപോക്സ് സ്ഥിരീകരിച്ചു; ദുബൈയിൽ നിന്നെത്തിയ 40കാരന് രോഗം

news image
Jan 23, 2025, 4:35 pm GMT+0000 payyolionline.in

ബംഗളുരു: ദുബൈയിൽ നിന്ന് മടങ്ങിയെത്തിയ യുവാവിന് ബംഗളുരുവിൽ എംപോക്സ് സ്ഥിരീകരിച്ചു. നിലവിൽ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ് ഇയാളെന്ന് റിപ്പോ‍ട്ടുകൾ പറയുന്നു. കൂടുതൽ വിശദമായ പരിശോധനകൾക്ക് രോഗിയെ വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. കർണാടകയിൽ ഈ വ‍ർഷം ഇതാദ്യമായി സ്ഥിരീകരിക്കുന്ന എംപോക്സ് കേസാണിത്.

കഴിഞ്ഞ ഡിസംബറിലാണ് കേരളത്തിൽ അവസാനമായി ഒരു രോഗിക്ക് എംപോക്സ് സ്ഥിരീകരിച്ചത്. യുഎഇയിൽ നിന്ന് എത്തിയ തലശ്ശേരി സ്വദേശിക്കായിരുന്നു അന്ന് രോഗം. പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് എംപോക്സ് രോഗബാധയുടെ പ്രാരംഭ ലക്ഷണങ്ങള്‍. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകള്‍ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു. അസുഖബാധിതരായ ആള്‍ക്കാരുമായി നിഷ്‌കര്‍ഷിച്ചിട്ടുള്ള സുരക്ഷാ മാര്‍ഗങ്ങള്‍ അവലംബിക്കാതെ അടുത്തിടപഴകുന്ന ആള്‍ക്കാര്‍ക്കാണ് എംപോക്‌സ് ഉണ്ടാകുക.

കൊവിഡോ എച്ച്1 എന്‍1 ഇന്‍ഫ്‌ളുവന്‍സയോ പോലെ വായുവിലൂടെ പകരുന്ന ഒരു രോഗമല്ല എം പോക്‌സ്. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്പര്‍ശിക്കുക, ലൈംഗിക ബന്ധം, ശരീര സ്രവങ്ങൾ, ശ്വസന തുള്ളികൾ, കിടക്ക- വസ്ത്രം എന്നിവ സ്പര്‍ശിക്കുക, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുക  തുടങ്ങിയവയിലൂടെ രോഗസാധ്യത വളരെയേറെയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe