സമഗ്ര വികസനത്തിന് ഊന്നൽ നൽകി പയ്യോളി നഗരസഭയുടെ ‘വികസന സെമിനാർ’

news image
Jan 23, 2025, 1:34 pm GMT+0000 payyolionline.in

 

പയ്യോളി: ഒട്ടേറെ ജനഹിത പദ്ധതികൾക്ക് ഊന്നൽ നല്കിയ നഗരസഭയുടെ വികസന സെമിനാർ വടകര എം.പി ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നഗരസഭ തയ്യാറാക്കിയ ജല ബഡ്ജറ്റ് പ്രകാശനവും മികച്ച അങ്കണവാടി വർക്കർക്കുള്ള സംസ്ഥാന പുരസ്കാരം നേടി ന്യൂഡൽഹിയിൽ നടക്കുന്ന റിപ്ലബ്ലിക്ക് ദിന പരിപാടിയിലെ പ്രത്യേക ക്ഷണിതാവായി അവസരം ലഭിക്കുകയും ചെയ്ത രതി കെ.വിയെ ആദരിച്ചു.
കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമായ ‘അമൃത് 2.0’ പദ്ധതിയ്ക്ക് ഭരണാനുമതിയായതോടെ നഗരസഭയുടെ വിഹിതം പൂർണ്ണമായി ഈ വർഷം നീക്കിവെക്കാൻ വികസന സെമിനാറിൽ അംഗീകാരമായി. ഇതോടെ നിലവിൽ നടന്നു വരുന്ന തീരദേശ കുടിവെള്ള പദ്ധതിയുമുൾപ്പടെ എല്ലാവർക്കും ഗാർഹിക കണക്ഷൻ ലഭ്യമാവുന്നതിനുള്ള സാഹചര്യമായി. ഭവനരഹിതർക്ക് പാർപ്പിടത്തിനായി PMAY Life പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് വിഹിതം നല്കൽ , മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം തുടങ്ങി ഒട്ടേറെ ജനഹിത വികസന പദ്ധതികൾ നടപ്പിൽ വരുത്താൻ വികസന സെമിനാർ അംഗീകാരം നല്കി. ഇരിങ്ങൽ സർഗ്ഗാലായയിൽ വെച്ച് നടന്ന പരിപാടിയിൽ നഗരസഭ ചെയർമാൻ വി.കെ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.

നഗരസഭ ഷോപ്പിങ്ങ് കോംപ്ലക്സ് പൂർത്തീകരണം, ആരോഗ്യ മേഖലയിൽ ആയുർവേദ ആശുപത്രി, ഹോമിയോ ആശുപത്രി നവീകരണം, കൃഷിഭവൻ, പശ്ചാത്തല മേഖലയിൽ പുതിയ റോഡുകളും നവീകരണവും, ശുചിത്വ മത്സ്യ യുവജന ക്ഷേമ മേഖലയിൽ ഉൾപ്പടെ സമഗ്രമായ വികസന പദ്ധതികളാണ് നടപ്പിൽ വരുത്തുന്നത്. നഗരസഭ വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കോട്ടക്കൽ നഗരസഭ തയ്യാറാക്കിയ കരട് പദ്ധതി രേഖ വിശദീകരിച്ചു. വൈസ് ചെയർപേഴ്സൺ പത്മശ്രീ പള്ളിവളപ്പിൽ, സ്ഥിരം സമിതി അധ്യക്ഷൻമാരായ മഹിജ എളോടി, പി എം ഹരിദാസൻ, ഷെജ്മിന അസ്സൈനാർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ മഠത്തിൽ നാണു മാസ്റ്റർ, കൗൺസിലർമാരായ വടക്കയിൽ ഷഫീഖ്, എ.പി റസാഖ്, കെ.സി ബാബുരാജ്, റസിയ ഫൈസൽ , ചെറിയാവി സുരേഷ് ബാബു, നിഷാഗിരീഷ് ആസൂത്രണ സമിതി അംഗങ്ങളായ എ പി കുഞ്ഞബ്ദുള്ള, പി എം വേണുഗോപാലൻ, ഷാഹുൽ ഹമീദ്, പി എം അനിൽകുമാർ, സബീഷ് കുന്നങ്ങോത്ത് കെ വി ചന്ദ്രൻ മികച്ച അങ്കണവാടി വർക്കർ രതി.കെ.വി എന്നിവർ സംസാരിച്ചു.
നഗരസഭ സെക്രട്ടറി വിജില. എം സ്വാഗതവും ഹെൽത്ത്‌ ഇൻസ്‌പെക്ടർ ടി.പി പ്രജീഷ് കുമാർ നന്ദിയും പറഞ്ഞു. നഗരസഭ കൗൺസിലർമാർ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,വികസന സമിതിഅംഗങ്ങൾ, വർക്കിംഗ് ഗ്രൂപ്പ് പ്രതിനിധികൾ ,നഗരസഭ നിർവ്വഹണ ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ ഹരിതകർമ്മ സേന അംഗങ്ങൾ, മുൻ അധ്യക്ഷൻമാർ തുടങ്ങിയവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe