മാവേലിക്കര: ചെട്ടികുളങ്ങര കമ്പനിപ്പടി ജങ്ഷനിൽ പ്രവർത്തിക്കുന്ന മധുരാപുരി ആയുർവേദ ആശുപത്രിക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. ചൊവ്വാഴ്ച രാത്രി 11.30ഓടെ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരാണ് കെട്ടിടത്തിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. ഇവർ വിവരം അറിയച്ചതിനെത്തുടർന്ന് മാവേലിക്കരയിൽ നിന്നും 12.30 ഓടെ അഗ്നി രക്ഷസേന സംഘം എത്തിയെങ്കിലും കെട്ടിടത്തിൽ വലിയ രീതിയിൽ തീ ആളിപടർന്നിരുന്നതിനാൽ കായംകുളം, ചെങ്ങന്നൂർ നിലയങ്ങളിൽ നിന്നുള്ള വാഹനങ്ങളും എത്തിച്ചാണ് തീ അണച്ചത്.
അഗ്നിരക്ഷാ സേനയുടെ അഞ്ച് യൂണിറ്റുകൾ സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മാവേലിക്കര, കായംകുളം നിലയത്തിൽ നിന്നുള്ള രണ്ട് യൂണിറ്റുകളും ചെങ്ങന്നൂർ നിലയത്തിൽ നിന്നുള്ള ഒരു യൂണിറ്റും രണ്ട് മണിക്കൂറോളം പ്രവർത്തിച്ച് ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് തീ അണച്ചത്. തട്ടാരമ്പലം സ്വദേശി ധനഞ്ജയന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് 60 വർഷത്തെ പഴക്കമുണ്ട്. കൊല്ലം സ്വദേശി മനു ശങ്കർ ആണ് ഇവിടെ മധുരാപുരി എന്ന പേരിൽ രണ്ട് വർഷമായി ആയുർവേദ സ്ഥാപനം നടത്തുന്നത്.
ഓടുമേഞ്ഞ തടിക്കൊണ്ടുള്ള അറപ്പുരയോടുകൂടിയതും തടിയുടെ സീലിങ് ഉള്ള കെട്ടിടത്തിന്റെ ഭൂരിഭാഗവും കത്തിനശിച്ചു. ആയുർവേദ ആശുപത്രിയുടെ എണ്ണത്തോണി, കട്ടിലുകൾ അടക്കമുള്ള ഫർണിച്ചറുകൾ, മരുന്നുകൾ, കമ്പ്യൂട്ടർ അടക്കമുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്നിവ കത്തി നശിച്ചു. ആശുപത്രിയുടെ ചുമതലക്കാരിയും ചലച്ചിത്ര ഡയറക്ടറുമായ മായയുടെ ഷൂട്ട് ചെയ്ത സിനിമയുടെ ഹാർഡ് ഡിസ്കും, റെഡ് എപിക് കാമറയും അനുബന്ധ സാധനങ്ങളും കത്തിനശിച്ചതായും ഇവർ പറയുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. പൊലീസ്, കെഎസ്ഇബി സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മാവേലിക്കര പൊലീസ് നടപടികൾ സ്വീകരിച്ചു.