ചൂരൽമല-മുണ്ടക്കൈ ദുരന്തം: കാണാതായ 32 പേരുടെ പട്ടിക അംഗീകരിച്ചു

news image
Jan 21, 2025, 3:34 am GMT+0000 payyolionline.in

കൽപറ്റ: ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിൽ കാണാതായവരുടെ പട്ടിക അംഗീകരിച്ചു. ഇതുവരെയും തിരിച്ചറിയാത്ത 32 പേരുടെ ലിസ്റ്റാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചത്. ദുരന്തത്തിൽ ഉൾപ്പെട്ട 231 മൃതദേഹങ്ങളും 223 മൃതദേഹ ഭാഗങ്ങളും അടക്കം മൊത്തം 454 മൃതദേഹം/ഭാഗങ്ങൾ ആണ് ഇതുവരെ കണ്ടെടുത്തത്.

 

ഇതിൽ ആദ്യ ദിവസം തിരിച്ചറിഞ്ഞ് ബന്ധുക്കൾക്ക് വിട്ടുകൊടുത്ത 19 മൃതദേഹങ്ങളും ഡി.എൻ.എ സാമ്പിളുകൾ ശേഖരിക്കാൻ കഴിയാത്ത മൂന്നു മൃതദേഹ ഭാഗങ്ങളും ഒഴികെ ബാക്കി 432 മൃതദേഹം/ഭാഗങ്ങളിൽനിന്നു ഡി.എൻ.എ സാമ്പിളുകൾ ശേഖരിച്ചിരുന്നു. കണ്ണൂർ റീജനൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലാണ് ആദ്യ ഘട്ടത്തിൽ ഡി.എൻ.എ സാമ്പിളുകളുടെ പരിശോധന നടത്തിയത്. 223 മൃതദേഹം/ഭാഗങ്ങൾ അവിടെ നടത്തിയ പരിശോധനയിൽ തിരിച്ചറിഞ്ഞു. ഇതിലൂടെ 77 പേരെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നു. കണ്ണൂർ ഫോറൻസിക് സയൻസ് ലാബിൽ തിരിച്ചറിയാൻ കഴിയാതിരുന്ന 209 മൃതദേഹം/ഭാഗങ്ങൾ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയിലേക്കു പരിശോധനക്കയച്ചു. അവിടെ നടത്തിയ പരിശോധനയിൽ ദുരന്തത്തിൽ കാണാതായ 22 പേരെ കൂടി തിരിച്ചറിഞ്ഞു. 99 പേരെ ഡി.എൻ.എ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്.

ദുരന്തത്തിൽ മരണപ്പെട്ട 167 പേരെ ബന്ധുക്കൾ തിരിച്ചറിഞ്ഞിരുന്നു. മൊത്തം 266 പേരെ തിരിച്ചറിഞ്ഞു. ദുരന്തത്തിൽ ഉൾപ്പെട്ട് കാണാതായ ബാക്കിയുള്ള 32 പേരുടെ ലിസ്റ്റാണ് ഡി.ഡി.എം.എ അംഗീകരിച്ചത്. ദുരന്തത്തിൽ 298 പേർ മരിച്ചതായാണ് കണക്കാക്കുന്നത്. സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വെള്ളരി മല വില്ലേജ് ഓഫിസർ, മേപ്പാടി പഞ്ചായത് സെക്രട്ടറി, മേപ്പാടി സ്റ്റേഷൻ ഹൗസ് ഓഫിസർ എന്നിവർ ചേർന്ന് തയാറാക്കിയ ലിസ്റ്റാണ് ജില്ല ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചത്. ലിസ്റ്റ് ആഭ്യന്തരവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി, റെവന്യൂ-ദുരന്ത നിവാരണം പ്രിൻസിപ്പൽ സെക്രട്ടറി, തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവർ അടങ്ങിയ സംസ്ഥാനതല സമിതി പരിശോധിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe