തിരുവനന്തപുരം :2025 ജനുവരി 28 മുതൽ ഫെബ്രുവരി 14 വരെ ഉത്തരാഖണ്ഡിൽ വെച്ച് നടക്കുന്ന 38-ാമത് ദേശീയ ഗെയിംസിൽ കേരളം 29 കായിക ഇനങ്ങളിലായി പങ്കെടുക്കുമെന്ന് സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് യു. ഷറഫലി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിന് മുന്നോടിയായി വിവിധ കായിക ഇനങ്ങളിലെ പരിശീലന ക്യാമ്പുകൾ കേരളത്തിലെ വിവിധ സ്റ്റേഡിയങ്ങളിലായി ആരംഭിക്കുകയും അതിന്റെ ഒന്നാം ഘട്ടമായ 15 ദിവസത്തെ പരിശീലനം പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്.
കേരള കായിക ചരിത്രത്തിലാദ്യമായി ദേശീയ ഗെയിംസിൽ പങ്കെടുക്കുന്ന എല്ലാ കായിക താരങ്ങൾക്കും പരിശീലകർ ഉൾപ്പെടെയുളള ഒഫിഷ്യൽസിനും വിമാന യാത്ര ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ ഏറ്റവും മികച്ച പരിശീലകരുടെ സേവനം അതത് കായിക അസോസിയേഷനുമായി ചേർന്നുകൊണ്ട് ലഭ്യമാക്കിയിട്ടുണ്ട്.
38-ാമത് ഉത്തരാഖണ്ഡ് ദേശീയ ഗെയിംസിൽ പങ്കെടുക്കുന്ന കേരള ടീമിന്റെ ഏകാപനത്തിനായി ഒരു കോർഡിനേഷൻ ടീമിനെ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ നിയോഗിക്കുന്നതാണ് മത്സരം നടക്കുന്ന പ്രദേശം തണുപ്പ് കൂടുതൽ ഉളള സ്ഥലമായതിനാൽ കായിക താരങ്ങൾക്ക് സ്പോർട്സ് കിറ്റ്, ട്രാക്ക് സ്യൂട്ട് എന്നിവയോടൊപ്പം സ്വറ്റർ നൽകുന്നതാണ്.
മത്സരത്തിൽ പങ്കെടുക്കുന്ന കായിക താരങ്ങൾക്ക് ഗുണന്മേയുളള കായിക ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനുളള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അംഗീകാരമുളള കായിക ഇനങ്ങളിലെ ടീമുകൾക്ക് നൽകുന്നതുപോലെ തന്നെ സ്പോർട്സ് കൗൺസിലിന്റെ അംഗീകാരമില്ലാത്തതുമായ കായിക ഇനങ്ങളിലെ ടീമുകളെ പങ്കെടുപ്പിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. വനിതാ ടീമുകളോടൊപ്പം വനിതാ മാനേജർ സേവനം ഉറപ്പാക്കിയിട്ടുണ്ട്.
ദേശീയ ഗെയിംസിൽ പങ്കെടുക്കുന്ന കായിക താരങ്ങൾക്ക് 2000 രൂപ പോക്കറ്റ് മണി അനുവദിക്കും. ഫിസിയോതെറാപ്പിസ്റ്റ്, മാസിയേഴ്സ്, സൈക്കോളജിസ്റ്റ് എന്നിവരുടെ സേവനം ലഭ്യമാക്കുന്നതിനുളള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പരിശീലന ക്യാമ്പുകളിൽ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ നിയോഗിച്ചിട്ടുളള ഒബ്സർവർ കൃതൃമായ പരിശോധന നടത്തിവരുന്നു.
മെഡൽ കരസ്ഥമാക്കുന്ന കായിക താരങ്ങൾക്ക് ഉചിതമായ പാരിതോഷികം സർക്കാർ അനുമതിയോടു കൂടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറി എം.ആർ, രഞ്ജിത്ത്, വൈസ് പ്രസിഡന്റ് പി. വിഷ്ണു രാജ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.