കൊൽക്കത്ത: താൻ കുറ്റം ചെയ്തിട്ടില്ലെന്ന് കോടതിയിൽ പറഞ്ഞ് ആർ.ജികർ ബലാത്സംഗ കേസ് പ്രതി സഞ്ജയ് റോയ്. തന്നെ കേസിൽ കുടുക്കുകയായിരുന്നു. ഒരു ഐ.പി.എസ് ഓഫീസർക്കും സംഭവത്തിൽ പങ്കുണ്ടെന്നും സഞ്ജയ് റായി ആരോപിച്ചു. ബലാത്സംഗ കേസിൽ കോടതി ശിക്ഷവിധിക്കുന്നതിനിടെയാണ് സഞ്ജയ് റോയിയുടെ പ്രതികരണം എത്തിയത്.
ആർ.ജികർ മെഡിക്കൽ കോളജിലെ ഡ്യൂട്ടി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി സഞ്ജയ് റോയ് കുറ്റക്കാരനെന്ന് കോടതി. തിങ്കളാഴ്ചയായിരിക്കും പ്രതിക്കുള്ള ശിക്ഷ വിധിക്കുക. പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങളെല്ലാം തെളിയിക്കപ്പെട്ടെന്ന് കോടതി നിരീക്ഷിച്ചു. കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് ആർ.ജികർ മെഡിക്കൽ കോളജിൽ ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. അഡീഷണൽ സെഷൻസ് ജഡ്ജി അനിരംഭൻ ദാസാണ് കേസിൽ ശിക്ഷ വിധിച്ചത്.
കേസിലെ പ്രതിയായ സിവിക് വളണ്ടിയർ സഞ്ജയ് റോയിക്ക വധശിക്ഷ നൽകണമെന്നാണ് സി.ബി.ഐയുടെ ആവശ്യം. നീതി നടപ്പാകുന്ന രീതിയിലുള്ള വിധിയുണ്ടാവുമെന്നാണ് പ്രതീക്ഷയെന്ന് പെൺകുട്ടിയുടെ പിതാവ് പ്രതികരിച്ചിരുന്നു.
ആഗസ്റ്റ് ഒമ്പതിനാണ് ആർ.ജെകർ മെഡിക്കൽ കോളജിലെ സെമിനാർ ഹാളിൽ 31കാരിയായ പി.ജി ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. പിറ്റേ ദിവസം രാവിലെ അർധ നഗ്നയാക്കിയ നിലയിൽ ഇവരുടെ മൃതദേഹം സെമിനാർ ഹാളിൽ നിന്നും കണ്ടെടുത്തു.
കൊൽക്കത്ത പൊലീസാണ് കേസിൽ ആദ്യം അന്വേഷണം നടത്തിയതെങ്കിലും പ്രതിഷേധം കനത്തതോടെ കേസ് സി.ബി.ഐക്ക് കൈമാറുകയായിരുന്നു. കേസിൽ ഒന്നിലധികം പ്രതികളുണ്ടെന്ന് ആരോപണം ഉയർന്നുവെങ്കിലും ഒരാൾ മാത്രമാണ് പ്രതിയെന്നാണ് പിന്നീട് സി.ബി.ഐ കണ്ടെത്തിയത്