പയ്യോളി നഗരസഭ ഷോപ്പിങ് കോംപ്ലെക്സ് കം മിനി ഓഡിറ്റോറിയത്തിന്റെ നിര്‍മ്മാണം മത്സ്യമാര്‍ക്കറ്റ് തൊഴിലാളികള്‍ തടഞ്ഞു

news image
Jan 17, 2025, 12:07 pm GMT+0000 payyolionline.in

പയ്യോളി: പയ്യോളി നഗരസഭയുടെ സ്വപ്ന പദ്ധതിയെന്ന് വിശേഷിപ്പിക്കുന്ന നഗരസഭ ഷോപ്പിങ് കോംപ്ലെക്സ് കം മിനി ഓഡിറ്റോറിയം നിര്‍മ്മാണത്തിന്റെ പ്രവര്‍ത്തി മത്സ്യ മാര്‍ക്കറ്റ് തൊഴിലാളികള്‍ തടഞ്ഞു. ദേശീയപാതയ്ക്കും മത്സ്യ മാര്‍ക്കറ്റിനും ഇടയില്‍ നിര്‍മ്മിക്കുന്ന ഷോപ്പിങ് കോംപ്ലെക്സിന്റെ നിര്‍മ്മാണത്തിനായി ജെസിബി ഉപയോഗിച്ച് കുഴി എടുക്കാനായി ശ്രമിച്ചപ്പോഴാണ് പ്രതിഷേധവുമായി മത്സ്യമാര്‍ക്കറ്റ് തൊഴിലാളികള്‍ എത്തിയത്. മത്സ്യ മാര്‍ക്കറ്റിലേക്കുള്ള വാഹനങ്ങള്‍ കടന്ന് പോകാന്‍ പറ്റാത്ത രീതിയിലാണ് കെട്ടിട നിര്‍മ്മാണം എന്നാരോപിച്ചാണ് കെട്ടിട നിര്‍മ്മാണം ഏറ്റെടുത്ത ഊരാളുങ്കല്‍ സൊസൈറ്റിയുടെ പ്രവര്‍ത്തി തടഞ്ഞത്.

പയ്യോളി നഗരസഭയുടെ ഷോപ്പിങ് കോംപ്ലെക്സ് കം മിനി ഓഡിറ്റോറിയത്തിന്റെ നിര്‍മ്മാണം മത്സ്യമാര്‍ക്കറ്റ് തൊഴിലാളികള്‍ തടഞ്ഞതിനെ തുടര്‍ന്നു പയ്യോളി എസ്.ഐ പി. റഫീഖ് സ്ഥലത്തെത്തിപ്പോള്‍

നേരത്തെ മത്സ്യമാര്‍ക്കറ്റ് തൊഴിലാളികളോട് കൃത്യമായ വഴി ഉണ്ടാകുമെന്ന് ഉറപ്പ് തന്നതാണെന്നും ഇപ്പോഴുള്ള നിര്‍മ്മാണം ഇതിന്റെ ലംഘനമാണെന്നുമാണ് തൊഴിലാളികളുടെ വാദം.  സംഭവത്തെ തുടര്‍ന്നു സ്ഥലത്തെത്തിയ പയ്യോളി എസ്.ഐ. പി. റഫീഖ് ഇത് സംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകള്‍ നഗരസഭയുമായി നടത്തി വ്യക്തത വരുത്താന്‍ തൊഴിലാളികളോട് ആവശ്യപ്പെട്ടു. പ്രതിഷേധത്തെ തുടര്‍ന്നു നിര്‍മ്മാണപ്രവര്‍ത്തി തല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. നഗരസഭ അസിസ്റ്റന്‍റ് എഞ്ചിനീയര്‍ റിനീഷ്, ഓവര്‍സിയര്‍ കെ. ഹാരിസ് എന്നിവരും സ്ഥലത്തെത്തി.

നഗരസഭയുടെ പ്ലാന്‍ ഫണ്ടില്‍പ്പെടുത്തി ഒരു കോടി 96 ലക്ഷം രൂപ വകയിരുത്തിയാണ് ഷോപ്പിങ് കോംപ്ലെക്സ് നിര്‍മ്മിക്കുന്നത്. നഗരസഭയുടെ കൈവശമുള്ള 17 സെന്‍റ് സ്ഥലത്ത് മുന്‍ വശത്ത് ആറ് മുറികളും പുറകില്‍ നാല് മുറികളും ഉള്‍പ്പെടെ പത്ത് കടമുറികളും മുകളില്‍ 150 പേര്‍ക്ക് ഇരിക്കാവുന്ന മിനി ഓഡിറ്റോറിയവുമാണ് നിര്‍മ്മിക്കുന്നത്. 6000 സ്ക്വയര്‍ഫീറ്റില്‍ പാര്‍ക്കിങ് സൌകര്യത്തോടെയാണ് നിര്‍മ്മാണം. നേരത്തെ സാംസ്കാരിക നിലയം ഉള്‍പ്പെടെ സ്ഥിതിചെയ്ത കെട്ടിടം പൊളിച്ച് നീക്കിയാണ് പുതിയ കെട്ടിടം നഗരസഭ നിര്‍മ്മിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ശിലാസ്ഥാപന ചടങ്ങില്‍ ലീഗ് പ്രതിനിധിയായ ഡിവിഷന്‍ കൌണ്‍സിലരെ അവഗണിച്ചെന്ന് ആരോപിച്ച്  കൌണ്‍സിലര്‍ സി.പി. ഫാത്തിമ ചടങ്ങില്‍ നിന്ന് ഇറങ്ങിപ്പോയത് ഏറെ വിവാദമായിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe